മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സംഘത്തിലെ പ്രധാനി പിടിയിൽ

Saturday 10 February 2024 3:04 AM IST

നെടുമങ്ങാട്: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന റാക്കറ്റിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിലായി.പുല്ലമ്പാറ മരുതുംമൂട് ചന്തവിള വീട്ടിൽ എസ്.മുഹമ്മദ്‌ യൂസഫാണ് (24) അറസ്റ്റിലായത്.ഇയാളുടെ പക്കൽ നിന്ന് 11ഗ്രാം തൂക്കമുള്ള വ്യാജ സ്വർണവള കണ്ടെത്തി. പനവൂർ,വട്ടപ്പാറ,നെടുമങ്ങാട്,പേരൂർക്കട,മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ ഇയാൾ വ്യാജ സ്വർണം പണയം വച്ചിട്ടുള്ളതായും തെളിഞ്ഞു. 916 മുദ്ര പതിപ്പിച്ച വ്യാജ സ്വർണ വളകളാണ് ഇയാൾ പണയം വച്ചത്. ഈ വളകൾ ഫിനാൻസുകാർ ദേശസാത്കൃത ബാങ്കുകളിൽ റീ പ്ലഡ്ജ് ചെയ്തിട്ടും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്. ആനാടുള്ള പഞ്ചമി ഫിനാൻസിൽ പണയം വച്ച വള വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഹമ്മദ് യൂസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.വ്യാജ സ്വർണ വളകളുടെ ഉറവിടം തമിഴ്നാടാണെന്ന് സൂചന ലഭിച്ചു. റാക്കറ്റിലെ മറ്റ്‌ അംഗങ്ങൾ നിരീക്ഷണത്തിലാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി ബി.ഗോപകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ വഹാബ്, എസ്.എച്ച്.ഒ അനീഷ്.എസ്, സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ, ഡാൻസാഫ് എസ്.ഐ ഷിബു, സജു, എസ്.സി.പി.ഒ സതികുമാർ, ഉമേഷ്ബാബു, അനൂപ്, ശ്രീജിത്ത്‌, ബിജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Advertisement
Advertisement