സുന്ദരിയാകണം ശംഖുംമുഖം

Saturday 10 February 2024 4:37 AM IST

തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിന്റെ മുഖം സുന്ദരമാകണമെങ്കിൽ അടിമുടി മാറ്റം അനിവാര്യമാണ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ഇക്കാര്യത്തിൽ ഇച്ഛാശക്തിയോടെ വേണം ഇടപെടാൻ. ഓരോ വർഷവും ശംഖുംമുഖം നവീകരണ പദ്ധതികൾക്കായി ഡി.ടി.പി.സി പ്ലാൻ തയ്യാറാക്കും.

കോടികൾ മുടക്കി ഇരിപ്പിടങ്ങൾ,ഹൈമാസ്റ്റ് ലൈറ്റുകൾ,നടപ്പാത,പാർക്ക് തുടങ്ങിയവയൊക്കെ നിർമ്മിക്കും. എന്നാൽ പിന്നാലെ കടലാക്രമണത്തിൽ ഇവ തകരുന്നതാണ് സ്ഥിതി. കടലേറ്റത്തിന് പരിഹാരം കണ്ടെത്താതെ നവീകരണം ശാശ്വതമായി നിലനിൽക്കില്ലെന്നതാണ് യാഥാർത്ഥ്യം. ആസൂത്രണക്കുറവാണ് ശംഖുംമുഖത്തെ ഇല്ലാതാക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.മുമ്പ് ഒരു ഡി.ടി.പിസി ഭാരവാഹിയുടെ ഭാവനാവിലാസമാണ് ഇന്നത്തെ ദുരവസ്ഥയ്ക്കു അടിസ്ഥാന കാരണമെന്ന് വിമർശനമുണ്ട്.

2004ൽ സുനാമി ഉണ്ടായപ്പോൾ പിടിച്ചുനിന്ന ശംഖുംമുഖം തീരം പക്ഷേ കടലേറ്റത്തിൽ തകർന്നടിഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് വരുമാനമാർഗമെന്ന നിലയിൽ 2.5 കോടി ചെലവിട്ട് നിർമ്മിച്ച സുനാമി പാർക്കിൽ റസ്റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളാണുള്ളത്. എന്നാലിപ്പോൾ ഉദ്ഘാടനം പോലും നടത്താനാകാതെ പാർക്ക് ശാപമോക്ഷം തേടുകയാണ്. മാത്രമല്ല മാലിന്യ നിക്ഷേപ കേന്ദ്രമാക്കി പാർക്കിനെ മാറ്റുന്നവരുണ്ട്.

ഇരിപ്പിടങ്ങൾ തകർന്നു

ബീച്ചിലേക്ക് ഇറങ്ങാൻ വഴിയില്ലാത്തതുപോലെ ഇരിപ്പിടങ്ങളില്ലാത്ത തീരവും പോരായ്‌മയാണ്.

ഇരിപ്പിടങ്ങളെല്ലാം തകർന്നിട്ടും പുനർനിർമ്മിക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

മഹാബലിപുരത്തെ മാതൃകയാക്കാം

ബീച്ച് സംരക്ഷണത്തിലും സൗന്ദര്യവത്കരണത്തിലും തമിഴ്നാട്ടിലെ മഹാബലിപുരം ബീച്ചിനെ മാതൃകയാക്കാവുന്നതാണ്. ചെന്നൈയിൽ നിന്ന് 58 കിലോമീറ്റർ അകലെയുള്ള ഇവിടത്തെ മണൽപ്പരപ്പുകൾക്ക് സ്വർണവർണമാണ്. ഗോതമ്പുമണികൾ വിതറിയതുപോലെ കിലോമീറ്ററുകളോളം മണൽത്തരികൾ പരന്നുകിടക്കും. സന്ദർശകർക്കായി അധികൃതർ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കടലിൽ നിന്ന് കരയിലേക്ക് വരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇവിടെ സംവിധാനവുമുണ്ട്.

ഫുഡ് സ്ട്രീറ്റ് റെഡിയായില്ല,​

ലോക്കൽ കച്ചവടം തകൃതി

ശംഖുംമുഖത്ത് ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നുമായിട്ടില്ല. കൊവിഡിനുശേഷം ബീച്ച് തുറന്നതിനെ തുടർന്ന് പ്രവേശനകവാടം മുതൽ കോഫീ ഹൗസിന് മുന്നിൽ വരെ ചെറുതും വലുതുമായി അമ്പതോളം കടകൾ പ്രവർത്തിക്കുന്നുണ്ട്. അന്യസംസ്ഥാന കച്ചവടക്കാരും ഇവിടെ സജീവമാണ്. ​

അതേസമയം​ ഫുഡ് സ്ട്രീറ്റ് പദ്ധതി ഉടൻ നടപ്പാക്കുമെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്. സ്ഥിരം കടകൾക്ക് പകരം കിയോസ്‌കുകൾ നിർമ്മിച്ച ശേഷം ഇവിടെ കടകൾ സജ്ജമാക്കാനാണ് പദ്ധതി. നിർമ്മിതി കേന്ദ്രത്തിനാണ് കിയോസ്‌കുകളുടെ നിർമ്മാണച്ചുമതല.

(നാളെ: തീരമിടിച്ചിലിന് അവസാനം വേണം)​