ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ

Saturday 10 February 2024 12:08 AM IST

വഡോദര: സുപ്രീംകോടതി ഉത്തരവു പ്രകാരം ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളിൽ ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ. ദഹോഡിലെ രൺധിക്പൂർ സ്വദേശി പ്രതീപ് മോധിയയ്ക്കാണ് ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ജയിൽ അധികൃതർ പരോൾ അനുവദിച്ചത്. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് അഞ്ചു ദിവസം പരോൾ നൽകിയത്.

അഞ്ചിന് ജസ്റ്റിസ് എം.ആർ.മെൻഗ്‌ദേയാണ് പരോൾ അപേക്ഷ പരിഗണിച്ചത്. 30 ദിവസത്തെ പരോളാണ് മോധിയ ആവശ്യപ്പെട്ടിരുന്നത്. ജയിലിൽ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയതും കോടതി നിർദ്ദേശം അനുസരിച്ച് സമയത്ത് ജയിലിൽ തിരികെയെത്തിയതും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബിൽക്കീസ് ബാനു കേസിൽ 2008 ജനുവരി മുതൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോധിയ 1041 ദിവസം പരോളിലായിരുന്നെന്ന് നേരത്തെ സുപ്രീംകോടതിയിൽ ഗുജറാത്ത് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു. 223 ദിവസം മറ്റു അവധികളും ഇയാൾക്ക് അനുവദിക്കപ്പെട്ടു.

സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് ജനുവരി 21ന് അർദ്ധരാത്രിയാണ് ബിൽക്കീസ് ബാനു പ്രതികൾ ഗോധ്ര സബ് ജയിലിൽ കീഴടങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഇടക്കാലത്ത് മോചിപ്പിച്ച ഗുജറാത്ത് ഗവൺമെന്റിന്റെ തീരുമാനം റദ്ദാക്കിയായിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി.

1992ലെ ജയിൽശിക്ഷയിൽ ഇളവു കൊടുക്കൽ നയപ്രകാരം 2022 മെയിലാണ് പ്രതികളെ സംസ്ഥാന സർക്കാർ വിട്ടയച്ചിരുന്നത്. ഇതിനെതിരെ ബിൽക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. രാധേശ്യാം ഷാ, ജസ്വന്ത് നൈ, ഗോവിന്ദ് നൈ, കേസർ വൊഹാനിയ, ബാക വൊഹാനിയ, രാജു സോണി, രമേശ് ചന്ദന, ശൈലേഷ് ഭട്ട്, ബിപിൻ ജോഷി, മിതേഷ് ഭട്ട്, പ്രതീപ് മോധിയ എന്നിവരാണ് കേസിലെ പ്രതികൾ.

2002ലെ ഗുജറാത്ത് കലാപവേളയിലാണ് പ്രതികൾ ബിൽക്കീസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് അഞ്ചു മാസം ഗർഭിണിയായിരുന്നു 21കാരിയായ ബിൽക്കീസ്. മൂന്നര വയസായ മകൾ സലീഹയും അമ്മയും പ്രതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുംബയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.