ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു,​ രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി

Friday 09 February 2024 11:16 PM IST

മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. കഴിഞ്ഞ ജനുവരി 13ന് പേളിക്കും നടനും ബിഗ്ബോസ് താരവുമായ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങൾ പേളി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നിതാരയെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് പേളി. നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു പേളിയുടെ കുറിപ്പ്.

നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂർത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം. പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേർ കുറിപ്പിന് താഴെ ആശംസകൾ അറിയിച്ച് കമന്റ് ചെയ്‌തിട്ടുണ്ട്.

കസവ് മുണ്ടും ജൂബ്ബയും ധരിച്ച് ശ്രീനിഷും സെറ്റ് സാരി ധരിച്ച് പേളിയും എത്തിയപ്പോൾ താരദമ്പതികളുടെ മൂത്ത മകൾ നീല പേളിഷ് പട്ടുപാവാടയിൽ സുന്ദരിയായെത്തി.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും അടുക്കുന്നത്. 2019 മേയ് 5,​ 8 തീയതികളിൽ ഹിന്ദു- ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.