സ്വാമിനാഥനും റാവുവിനും ചരൺ സിംഗിനും ഭാരതരത്‌നം

Saturday 10 February 2024 1:17 AM IST

ന്യൂഡൽഹി: ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയുടെ പട്ടിണി മാറ്റിയ ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ ‌ഡോ. എം.എസ്.സ്വാമിനാഥൻ, മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവു, ചൗധരി ചരൺസിംഗ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം പ്രഖ്യാപിച്ചു. ഭാരതരത്‌നം ലഭിക്കുന്ന ആദ്യ മലയാളിയാണ് സ്വാമിനാഥൻ.

മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ. അദ്വാനിക്കും, മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിനും നേരത്തേ ഭാരത രത്‌ന പ്രഖ്യാപിച്ചിരുന്നു.

കൃഷിയിലും കർഷക ക്ഷേമത്തിലും രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം എസ് സ്വാമിനാഥന് ഭാരതരത്നം നൽകുന്നതിൽ അത്യധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളർത്തിയെടുക്കുകയും ആഗോള വിപണികൾക്ക് ഇന്ത്യയെ തുറന്ന് കൊടുക്കുകയും ചെയ്ത സുപ്രധാന നടപടികൾ കൈക്കൊണ്ട പ്രധാനമന്ത്രിയാണ് നരസിംഹറാവുവെന്ന് മോദി ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യക്കു സാമ്പത്തിക മുന്നേറ്റമൊരുക്കുന്നതിൽ നിർണായകമായി.

മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിനെ ഭാരതരത്ന നൽകി ആദരിക്കുന്നത് സർക്കാരിന്റെ ഭാഗ്യമാണ്. കർഷകരുടെ അവകാശങ്ങൾക്കും അവരുടെ ക്ഷേമത്തിനുമായി ജീവിതമുഴിഞ്ഞു വച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിലും അദ്ദേഹം ഉറച്ചുനിന്നുവെന്നും മോദി പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്‌തംബറിൽ ചെന്നൈയിൽ അന്തരിച്ച എം.എസ്. സ്വാമിനാഥൻ ഇന്ത്യയിലെ ഭക്ഷ്യക്ഷാമത്തിനും പട്ടിണി മരണങ്ങൾക്കും പ്രതിവിധിയായാണ് അത്യുത്പാദന ശേഷിയുള്ള ഗോതമ്പും നെല്ലും ഉരുളക്കിഴങ്ങും വികസിപ്പിച്ചത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മങ്കൊമ്പിലാണ് തറവാട്ട് വീടെങ്കിലും ,ജനിച്ചത് തമിഴ്നാട്ടിലെ

കുംഭകോണത്താണ്.പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.