ലോക് സഭാ ഇലക്ഷന് 96.88 കോടി വോട്ടർമാർ,​ കന്നിവോട്ട് 2.63കോടി

Saturday 10 February 2024 1:23 AM IST

ന്യൂഡൽഹി: ഇക്കൊല്ലം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മൊത്തം സമ്മതിദായകരുടെ എണ്ണം 96,88,21,926 കോടി. 2019ലെ വോട്ടർമാരുടെ എണ്ണത്തിൽനിന്ന് ആറു ശതമാനം വർദ്ധിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അന്ന് 89.6 കോടി ആയിരുന്നു. 7.28 കോടി വോട്ടർമാരാണ് കൂടുതലുള്ളത്. ഇതിൽ കന്നിവോട്ടർമാർ 2.63കോടിയാണ്. വർഷത്തിൽ മൂന്നുതവണ പേരു ചേർക്കാനുള്ള അവസരം മുതലാക്കി 18 വയസ് തികയാത്ത (17ന് മുകളിൽ) 10.64 ലക്ഷം പേരും രജിസ്റ്റർ ചെയ്‌തു. വോട്ടെടുപ്പ് വേളയിൽ ഇവർക്ക് 18 തികയും എന്ന നിബന്ധന പ്രകാരമാണിത്.

2024ഫെബ്രുവരി 8വരെ രജിസ്റ്റർ ചെയ്ത പ്രകാരമുള്ള കണക്കാണിത്.

മരിച്ചവരും സ്ഥലംമാറിയവരെയും ഒഴിവാക്കി 2022 നവംബറിൽ തുടങ്ങിയ പ്രത്യേക പുനരവലോകന നടപടിക്കുശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്. മരിച്ച 67,82,642 പേരെയും സ്ഥിരമായി സ്ഥലത്തില്ലാത്ത 75,11,128 പേരെയും ഇരട്ടിപ്പുള്ള 22,05,685 പേരെയും നീക്കം ചെയ്തു.

മണ്ഡല പുനർനിർണയം നടത്തിയ ജമ്മുകാശ്‌മീരിലെയും (86,94,992)

അസാമിലെയും ( 2,43,01,960) വോട്ടർപട്ടികയും കമ്മിഷൻ പുറത്തിറക്കി.

കണക്കുകൾ ഒറ്റനോട്ടത്തിൽ

 2024: 96,88 കോടി,

 2019: 89.6 കോടി

 പുരുഷൻമാർ 49,72, 31, 994.

 സ്‌ത്രീകൾ 47,15,41,888,

 മൂന്നാം ലിംഗക്കാർ 48,044,

 ഭിന്നശേഷിക്കാർ 88,35,449

 18-19 പ്രായക്കാർ: 1,84,81,610.

 20-29 പ്രായക്കാർ: 19,74,37,160.

 80 വയസ് കഴിഞ്ഞവർ: 1,85,92,918,

 100ന് മുകളിൽ 2,38,791

പുതിയ വോട്ടർമാരിൽ സ്ത്രീകൾ കൂടുതൽ

 പുതിയ വോട്ടർമാർ 2.63കോടി

സ്‌ത്രീകൾ 1.41 കോടി (1.22% വർദ്ധന)

 പുരുഷൻമാർ 1.22

 ലിംഗാനുപാതം: 948

(2019ൽ 928, 2021ൽ 935, 2023ൽ 940)

 18-19, 20-29 പ്രായ വിഭാഗങ്ങളിൽ

പുതിയതായി രണ്ടു കോടിയിലേറെ