തൃപ്രയാർ ശ്രീരാമ ക്ഷേത്രം തീവ്രാനദി പാടും ശ്രീരാമ നാമം
അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുമ്പ് ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, അന്നുതന്നെ ദർശനം നടത്തിയ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ശ്രീരാമ ക്ഷേത്രമാണ്. പ്രധാനമന്ത്രിയുടെ വരവോടെ തൃപ്രയാറിലേക്ക് തീർത്ഥാടകരുടെ തിരക്കാണ്. തൃപ്രയാറിലേക്ക് വരുന്നതിനു മുമ്പ്, അയോദ്ധ്യാ സന്ദർശനത്തിനിടെ തൃപ്രയാർ ക്ഷേത്രവുമായി ബന്ധപ്പെട്ട നാലമ്പല ദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതിപാദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയതും ഒരു മണിക്കൂറിലേറെ നേരം ഇവിടെ ചെലവിട്ടതും. തൃപ്രയാറിൽ നിന്ന് കൊച്ചിയിലെത്തിയപ്പോഴും ശ്രീരാമ ക്ഷേത്ര ദർശനത്തെ ക്കുറിച്ചും നാലമ്പല ദർശനത്തെക്കുറിച്ചും മോദി പരാമർശിച്ചുവെന്നതും ശ്രദ്ധേയം.
ശ്രീകൃഷ്ണൻ പൂജിച്ച രാമവിഗ്രഹം
ദ്വാരകയിൽ ശ്രീകൃഷ്ണൻ ആദ്യം പൂജിച്ചിരുന്നത് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീരാമ വിഗ്രഹമെന്നാണ് സങ്കൽപം. ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തിനു ശേഷം വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്തെന്നും, പിന്നീട് കേരളത്തിലെ ചേറ്റുവ പ്രദേശത്തിനടുത്ത്, കടലിൽ നിന്ന് ചില മത്സ്യത്തൊഴിലാളികൾക്ക് ദശരഥ പുത്രന്മാരുടെ നാലു വിഗ്രഹങ്ങൾ ലഭിക്കുകയും ചെയ്തുവത്രേ. നാടുവാഴിയായിരുന്ന വാക്കയിൽ കൈമളെ ഈ വിഗ്രഹങ്ങൾ ഏൽപ്പിക്കുകയും,ജ്യോത്സ്യൻ കൂടിയായിരുന്ന കൈമൾ പ്രശ്നം വച്ചു നോക്കി കരുവന്നൂർപ്പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (തൃപ്രയാർപ്പുഴ) തീരത്ത് പ്രതിഷ്ഠിക്കുകയുമായിരുന്നു എന്നാണ് ഐതിഹ്യം.
നാലിടത്ത് നാല് വിഗ്രഹങ്ങൾ
ശ്രീരാമ വിഗ്രഹം തൃപ്രയാറിലും ഭരതന്റെ വിഗ്രഹം ഇരിങ്ങാലക്കുട കൂടൽ മാണിക്യത്തിലും ലക്ഷ്മണനെ മൂഴിക്കുളത്തും ശത്രുഘ്ന വിഗ്രഹം പായമ്മലും പ്രതിഷ്ഠിച്ചു. രാക്ഷസനായ ഖരന്റെ വധത്തിനു ശേഷമുള്ള അത്യുഗ്ര ഭാവത്തിലാണ് തൃപ്രയാറിലെ ശ്രീരാമ പ്രതിഷ്ഠാ സങ്കൽപ്പം. ആറടിയിലധികം ഉയരം വരുന്ന മഹാവിഷ്ണുവിന്റെ അഞ്ജന ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം. ചതുർബാഹുവായ വിഗ്രഹത്തിന്റെ പിറകിലെ വലതുകൈയിൽ കോദണ്ഡവും പിറകിലെ ഇടതുകൈയിൽ സുദർശനചക്രവും മുന്നിലെ വലതുകൈയിൽ അക്ഷമാലയും മുന്നിലെ ഇടതുകൈയിൽ പാഞ്ചജന്യവും കാണാം. മുന്നിലെ വലതുകൈ ചിന്മുദ്രാങ്കിതവുമാണ്. വിഗ്രഹത്തിന് ഇരുവശവും ലക്ഷ്മീദേവിയെയും ഭൂമീദേവിയെയും കാണാം. ഇവരെ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം. രാമന്റെ ഉത്തമ ഭക്തനായ ഹനുമാന്റെ പ്രത്യേക വിഗ്രഹം ഇല്ലെങ്കിലും, ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിൽ ഹനുമാന്റെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നു. ടിപ്പുവിന്റെ കാലത്ത് ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നുവെന്നും ചരിത്രമുണ്ട്. ക്ഷേത്രത്തിൽ ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, ഗോശാല കൃഷ്ണൻ എന്നീ ഉപദേവകളുമുണ്ട്. സർവ്വദോഷ പരിഹാരത്തിനായുള്ള മീനൂട്ട്, ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി വെടിവഴിപാട്, കളഭാഭിഷേകം, പാൽപ്പായസം, ഉദയാസ്തമന പൂജ, ഹനുമാന് അവിൽ നിവേദ്യം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. മുപ്പത്തിമുക്കോടി ദേവകൾ സംഗമിക്കുന്ന ഭൂമിയിലെ ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് നടുനായകത്വം വഹിക്കുന്നത് തൃപ്രയാർ തേവരാണ്. ദേവമേള, രേഖപ്പെടുത്തിയ ചരിത്രമനുസരിച്ച് 1442-ാമത്തെ പൂരമാണ്. അതിന് മുമ്പുതന്നെ പൂരം നടന്നിരുന്നതായി പറയപ്പെടുന്നു. പൂരത്തിന്റെ അദ്ധ്യക്ഷ സ്ഥാനമാണ് തൃപ്രയാർ തേവർക്ക്. ഒരുകാലത്ത് തൃശൂർ പൂരത്തിൽ പങ്കെടുത്ത പൂരങ്ങളെല്ലാം ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നവരാണ്. പൂരം ദിവസം കാശി- വിശ്വനാഥ ക്ഷേത്രത്തിലടക്കം സന്ധ്യയ്ക്കു തന്നെ പൂജകൾ പൂർത്തിയാക്കി നടയടയ്ക്കും.
നാലമ്പല ദർശനം
ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമെന്നാണ് വിശ്വാസം. നാലമ്പല ദർശനത്തിന്റെ തുടക്കം തൃപ്രയാർ ക്ഷേത്രത്തിൽ നിന്നാണ്. രാമായണ മാസത്തിൽ ലക്ഷക്കണക്കിനു പേരാണ് നാലമ്പല ദർശനത്തിനായി എത്തുന്നത്. രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ വീണ്ടെടുക്കുന്നതിനായി രാമനും സംഘവും ലങ്കയിലേക്ക് കടക്കുന്നതിനു വേണ്ടി തയ്യാറാക്കിയ സേതുബന്ധനത്തിന്റെ സ്മരണ പുതുക്കലും ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ക്ഷേത്രത്തിന് ഏകദേശം മൂന്നു കിലോമീറ്റർ അകലെ ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലാണ് തൃപ്രയാർ അധികൃതരുടെ നേതൃത്വത്തിൽ ചിറക്കെട്ട് നടക്കുന്നത്. വാമനാവതാര വേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നു വന്നപ്പോൾ ഭഗവാന്റെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തന്റെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാണ് ഐതിഹ്യം. 'തിരുപാദം കഴുകിയത് ആറായി"തീർന്നപ്പോൾ അത് 'തിരുപ്പാദയാറായി" അതു ലോപിച്ച് തൃപ്പാദയാറും തൃപ്രയാറും ആയി. തരണനെല്ലൂർ പടിഞ്ഞാറേ മനയ്ക്കാണ് തന്ത്രി സ്ഥാനം. ചേലൂർ, പുന്നപ്പിള്ളി, ഞാനപ്പിള്ളി മനകളാണ് ഊരായ്മക്കർ. നിലവിൽ കൊച്ചി ദേവസ്വം ബോർഡിനു കീഴിലാണ് ക്ഷേത്രം. തരണനെല്ലൂർ പടിഞ്ഞാറെ മന പദ്മനാഭൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. മൂന്നു മേൽശാന്തിമാരാണ് ഉള്ളത്. ഇവർ മൂന്നു മാസം വീതം ഊഴമിട്ട് ചുമതല വഹിക്കും. ഇപ്പോൾ കാവനാട് രവി നമ്പൂതിരിയാണ് മേൽശാന്തി. അഴകത്ത് നമ്പൂതിരി, ചെറുമുക്ക് മധു നമ്പൂതിരി എന്നിവരാണ് മറ്റ് മേൽശാന്തിമാർ.
ദർശനത്തിനു പോകാൻ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് തൃശൂരിൽ നിന്ന് ബസ് മാർഗം 23 കി.മീറ്റർ യാത്ര ചെയ്യണം. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊടുങ്ങല്ലൂർ വഴി 58 കിലോമീറ്റർ യാത്രചെയ്ത് ക്ഷേത്രത്തിലെത്താം.