നടൻ മിഥുൻ ചക്രവർ‌ത്തിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Saturday 10 February 2024 7:46 PM IST

കൊൽക്കത്ത: മുതിർന്ന നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് താരത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്നാണ് റിപ്പോർട്ട്. മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം മിഥുൻ ചക്രവ‌ർത്തിക്ക് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു. സുമൻഘോഷിന്റെ സംവിധാനത്തിൽ 2023 ഡിസംബറിൽ പുറത്തിറങ്ങിയ കാബൂളിവാലയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ഹിന്ദി,​ ബംഗാളി,​ ഒഡിയ തുടങ്ങി നിരവധി ഭാഷകളിലായി 350ലേറെ ചിത്രങ്ങളിൽ മിഥുൻ ചക്രവർത്തി അഭിനയിച്ചിട്ടുണ്ട്.