വയനാട് മാവോയിസ്റ്റ് കേസിൽ ദീപക് റാവുവിനെ പ്രതിചേർത്തു
കൊച്ചി: വയനാട് വനമേഖലയിൽ ആയുധപരിശീലനം നടത്തുകയും നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) പ്രവർത്തനങ്ങൾ ഏകോപിക്കാൻ യോഗം ചേരുകയും ചെയ്ത കേസിൽ സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിനെ (എസ്.ഡി.ആർ) തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) പ്രതിചേർത്തു. റാവുവിനെ നാളെ കസ്റ്റഡിയിൽ വാങ്ങും. വനത്തിൽ സംഘടനയുടെ 'കബനീദളം" അതീവ രഹസ്യമായി സംഘടിപ്പിച്ച യോഗത്തിൽ റാവുവും പങ്കെടുത്തതായി എ.ടി.എസ് കണ്ടെത്തി.
തെലങ്കാന ഇന്റലിജൻസ് ബ്യൂറോയും ഹൈദരാബാദ് പൊലീസും ചേർന്ന് കഴിഞ്ഞ സെപ്തംബർ 15ന് അറസ്റ്റ് ചെയ്ത റാവുവും ഭാര്യ മുരുവപ്പള്ളി രാജി എന്ന സരസ്വതിയും തെലങ്കാനയിലെ ജയിലിലാണ്.
കേരളത്തിൽ മാവോയിസം ശക്തിപ്പെടുത്താൻ യോഗത്തിൽ റാവു ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ എ.ടി.എസിന് ലഭിച്ചു.
കഴിഞ്ഞ സെപ്തംബറിൽ നിലമ്പൂർ കാട്ടിൽ ആയുധപരിശീലനം നടത്തിയ മാവോയിസ്റ്റ് നേതാവ് രാഘവേന്ദ്രയെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറി ബിജി കൃഷ്ണമൂർത്തിയും പിടിയിലായി. ബിജിയുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണത്തിലായിരുന്നു സഞ്ജയ് ദീപക് റാവുവിന്റെ സംഭാഷണം.
മഹാരാഷ്ട്ര സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചയാളാണ് റാവു. കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനം നിയന്ത്രിച്ചിരുന്നത് റാവുവാണെന്ന് പറയപ്പെടുന്നു.
മുരളി കണ്ണമ്പിള്ളിയും പ്രതി?
തെലങ്കാന യു.എ.പി.എ കേസിൽ എറണാകുളം സ്വദേശി മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയെയും എൻ.ഐ.എ പ്രതിചേർത്തതായി സൂചന. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാലക്കാട്ടും മലപ്പുറത്തും എൻ.ഐ.ഐ പരിശോധന നടത്തിയിരുന്നു. 2015ൽ മഹാരാഷ്ട്ര ഭീകര വിരുദ്ധസേന രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മുരളി 2019ലാണ് ജയിൽമോചിതനായത്.