തിരഞ്ഞെടുപ്പിന് മുമ്പ് സി.എ.എ നടപ്പാക്കും; അമിത് ഷാ

Sunday 11 February 2024 12:21 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പാക്കുമെന്നും അതുവഴി ആരുടെയും പൗരത്വം നഷ്‌ടപ്പെടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ. ഡൽഹിയിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വം നൽകാനാണ് നിയമമെന്നും എടുത്തുകളയാനല്ലെന്നും ഷാ പറഞ്ഞു. സി.എ.എയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കരുത്.

പലരേയും പ്രകോപിതരാക്കാൻ ശ്രമിക്കുകയാണ്. ആരുടേയും പൗരത്വം കവർന്നെടുക്കാൻ സി.എ.എ നിയമത്തിൽ വ്യവസ്ഥകളില്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പീഡനം അനുഭവിച്ച് അഭയാർത്ഥികളായി ഇന്ത്യയിൽ എത്തിയവർക്ക് പൗരത്വം നൽകാനാണ് സി.എ.എ.

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയത് സാമൂഹിക മാറ്റമാണ്. ഒരു മതേതര രാജ്യത്തിനു മതാധിഷ്ഠിത സിവിൽ കോഡുകൾ ഉണ്ടാകാൻ പാടില്ലെന്നും അമിത് ഷാ പറഞ്ഞു.

സി.എ.എ കോൺഗ്രസിന്റെ വാഗ്ദാനമായിരുന്നു. എന്നാൽ അവർ പിന്മാറി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 370 സീറ്റുകളും എൻ.ഡി.എയ്ക്ക് 400 സീറ്റുകളും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാംതവണയും സർക്കാർ രൂപീകരിക്കും. ഫലത്തെ കുറിച്ചു യാതൊരു സംശയവുമില്ല. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വീണ്ടും പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കേണ്ടി വരുമെന്നും പറഞ്ഞു.

1947ലെ വിഭജനത്തിന് കോൺഗ്രസിനും ഉത്തരവാദിത്വമുണ്ടെന്നും നെഹ്‌റുവിന്റെ പിൻഗാമികൾക്ക് ഭാരത് ജോഡോ യാത്ര പോലുള്ള പരിപാടികൾ നടത്താൻ അവകാശമില്ലെന്നും ഷാ പ്രതികരിച്ചു.

Advertisement
Advertisement