യുക്രെയിന്റെ സൈനിക തലപ്പത്ത് അഴിച്ചുപണി  പുതിയ മേധാവി ജനറൽ ഒലക്സാണ്ടർ സിർസ്കി

Sunday 11 February 2024 7:14 AM IST

കീവ്: യുക്രെയിൻ സായുധ സേനയുടെ പുതിയ മേധാവിയായി ജനറൽ ഒലക്സാണ്ടർ സിർസ്കിയെ നിയമിച്ചു. 2021 മുതൽ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫായിരുന്ന വലേറി സലുഷ്നിയെ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി കഴിഞ്ഞ ദിവസം പുറത്താക്കുകയായിരുന്നു.

റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഈ മാസം 24ന് രണ്ട് വർഷം തികയുന്ന സാഹചര്യത്തിലാണ് യുക്രെയിന്റെ സൈനിക നേതൃത്വത്തിൽ അഴിച്ചുപണി. റഷ്യൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വലേറിയും സെലെൻസ്കിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, വലേറിയെ രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതിയായ ഹീറോ ഒഫ് യുക്രെയിൻ നൽകി ആദരിച്ചു. അദ്ദേഹം ഉന്നത സൈനിക നേതൃത്വത്തിൽ തുടരുമെന്നും സെലെൻസ്കി വ്യക്തമാക്കി. തലസ്ഥാനമായ കീവിനെ റഷ്യൻ കരങ്ങളിൽ പെടാതെ സംരക്ഷിച്ചും കിഴക്കൻ യുക്രെയിനിൽ തിരിച്ചടി ദൗത്യങ്ങൾ നടത്തിയും ശ്രദ്ധ നേടിയ വലേറിക്ക് ജനങ്ങൾക്കും സൈന്യത്തിനുമിടെയിൽ ശക്തമായ പിന്തുണയുണ്ടായിരുന്നു.

വലേറിയെ നീക്കിയ സെലെൻസ്കിയുടെ തീരുമാനത്തെ പ്രതിപക്ഷ പാർട്ടി എം.പിമാർ വിമർശിച്ചു. 2019 മുതൽ യുക്രെയിൻ കരസേനയുടെ കമാൻ‌ഡറായ ഒലക്സാണ്ടർ സിർസ്കിയുടെ നേതൃത്വത്തിലാണ് കിഴക്കൻ നഗരമായ ബഖ്‌മുതിൽ റഷ്യക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയത്.

 ഖാർക്കീവിൽ 7 മരണം

വടക്കുകിഴക്കൻ യുക്രെയിൻ നഗരമായ ഖാർക്കീവിൽ ഇന്നലെ പുലർച്ചെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കൈക്കുഞ്ഞ് അടക്കം ഏഴ് മരണം. മേഖലയിലെ ഒരു പെട്രോൾ സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. പതിനഞ്ചോളം വീടുകൾക്ക് കേടുപാടുണ്ട്.

Advertisement
Advertisement