മക്കൾക്ക് വിഷം നൽകിയതിന് ശേഷം ആത്മഹത്യാശ്രമം; ബ്രിട്ടനിൽ മലയാളി നഴ്സ് പിടിയിൽ

Sunday 11 February 2024 9:30 AM IST

ലണ്ടൻ: ബ്രിട്ടനിൽ മക്കൾക്ക് വിഷാംശമുളള രാസവസ്തു നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സായ മലയാളി യുവതി പിടിയിൽ. പതിമൂന്നും എട്ടും വയസുളള മക്കൾക്ക് വിഷം നൽകിയ ശേഷമാണ് ജിലുമോൾ ജോർജ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ യുവതി വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.

ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയെ അറസ്റ്റുചെയ്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോടതിയിൽ ഹാജരാക്കി. യുവതി ഇപ്പോൾ റിമാൻഡിലാണ്. ഇംഗ്ലിഷ് മാദ്ധ്യമങ്ങളിൽ ഈ സംഭവം വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് ചെയ്തെങ്കിലും ഇത് മലയാളി കുടുംബത്തിലാണെന്ന സത്യംകഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ജിലുവിനെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. മാർച്ച് എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കും. സസെക്സ് പൊലീസ് ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.