'പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല'; വിമർശനങ്ങളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് കെ മുരളീധരൻ

Sunday 11 February 2024 12:39 PM IST

കോഴിക്കോട്: രാജ്യസഭയ്ക്ക് അകത്തും പുറത്തും ബിജെപി സർക്കാരിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയായ എംപി എൻകെ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പ്രേമചന്ദ്രൻ പങ്കെടുത്തതിൽ വിമർശനം നേരിടുന്നതിനെക്കുറിച്ച് കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്ഷണ കഴിക്കാൻ തന്നെ വിളിച്ചാലും പോകും. ഇത്തവണയും ആർഎസ്‌പിക്ക് സീറ്റ് നൽകും. പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല. അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ലീഗ് മൂന്നാം സീറ്റ് ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കും. കേരളത്തിലും രാജ്യമൊട്ടാകെയും കോൺഗ്രസിന്റെ ശത്രു ബിജെപിയാണ്'- മുരളീധരൻ പ്രതികരിച്ചു.

അതേസമയം, തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി പ്രേമചന്ദ്രനും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎമ്മാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'വില കുറഞ്ഞ ആരോപണമാണിത്. എല്ലാ തിരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നുണ്ട്. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർഎസ്‌പിയായി തന്നെ തുടരും'- പ്രേമചന്ദ്രൻ പ്രതികരിച്ചു.