നിങ്ങളെ കാത്തിരിക്കുന്നത് ക്യാൻസറും ശ്വാസകോശ രോഗങ്ങളും; തെരുവോരങ്ങളിൽ നിന്നും ചൂടോടെ വാങ്ങി കഴിക്കുന്ന ഈ വില്ലനെ സൂക്ഷിച്ചോളൂ
യാത്രകൾ ചെയ്യുമ്പോഴും സിനിമകൾ കാണുമ്പോഴും നല്ല ചൂടുള്ള കപ്പലണ്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. അതുപോലെ പലരുടെയും പ്രിയപ്പെട്ട സ്നാക്കുകളിൽ ഒന്നാണിത്. കപ്പലണ്ടി വെറുതെ കൊറിക്കുന്നത് മാത്രമല്ല പല ഭക്ഷണങ്ങളിലും ഉൾപ്പെടുത്താറുമുണ്ട്. ചിലർ കടലക്കറി പോലെ കപ്പലണ്ടിക്കറിയും ഉണ്ടാക്കാറുണ്ട്. എന്നാൽ കപ്പലണ്ടി എത്ര അളവിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് എത്രപേർക്കറിയാം. കൃത്യമായ അളവിനപ്പുറം കപ്പലണ്ടി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് വഴിതെളിക്കുമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു.
കപ്പലണ്ടി ആരോഗ്യത്തിന് അനിവാര്യം
നിരവധി ധാതുക്കളും പോഷകങ്ങളും അടങ്ങിയ കപ്പലണ്ടി ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മാംഗനീസ്, നിയാസിൻ എന്നിവ ധാരാളം അടങ്ങിയ കപ്പലണ്ടി വിറ്റാമിൻ ഇ, ഫോലേറ്റ്, ഫൈബർ എന്നിവയുടെയും കലവറയാണ്. ഹൃദയസംബന്ധിയായ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനും കപ്പലണ്ടിയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ സഹായിക്കും.
കപ്പലണ്ടി കൊറിക്കൽ അമിതമായാൽ
കപ്പലണ്ടിയുടെ ഗുണങ്ങൾ അറിയുന്നതിനോടൊപ്പം ദോഷങ്ങളും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായി കഴിക്കുന്നതിലൂടെ കപ്പലണ്ടിയിലുള്ള കലോറിയും കൊഴുപ്പും ആന്റിന്യൂട്രിയൻസും ശരീരത്തിൽ ദോഷഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യം കുറയ്ക്കുകയും ചെയ്യുന്ന പദാർത്ഥങ്ങളാണ് ആന്റിന്യൂട്രിയൻസ്. കപ്പലണ്ടി അമിതമായി കഴിച്ചാലുണ്ടാകുന്ന ദോഷങ്ങൾ.
1. അമിത വണ്ണം: കലോറി വളരെയധികമുള്ള കപ്പലണ്ടി അമിതമായി കഴിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാവും. ഒരു ഔൺസ് കപ്പലണ്ടിയിൽ 170 കലോറിയാണുള്ളത്. ഒരു ഔൺസിൽ കൂടുതൽ കപ്പലണ്ടി കഴിക്കുന്നത് വിപരീതഫലം ചെയ്യും.
2. അലർജി: ചിലർക്ക് കപ്പലണ്ടി കഴിക്കുന്നത് അലർജിയുണ്ടാക്കും. ഇത് ചിലഘട്ടങ്ങളിൽ ജീവന് വരെ ആപത്തായേക്കാം.
3. സോഡിയം: കപ്പലണ്ടിയിൽ സോഡിയം വളരെ ഉയർന്ന അളവിലാണ് കാണപ്പെടുന്നത്. അമിതമായി കഴിക്കുന്നത് രക്തസമ്മർദത്തെ സാരമായി ബാധിക്കും. പേശികളുടെയും നാഡികളുടെയും പ്രവർത്തനങ്ങൾക്ക് സോഡിയം പ്രധാനമാണ്. എന്നാൽ അമിതമായ അളവിൽ സോഡിയം ശരീരത്തിൽ എത്തുന്നത് രക്തക്കുഴലുകളിലേയ്ക്ക് വെള്ളം വലിച്ചെടുക്കുന്നതിന് കാരണമാവുകയും ഇത് ഹൃദയത്തിന് അമിതഭാരം ഉണ്ടാക്കുകയും ചെയ്യുന്നു.
4. പൂപ്പൽ: ക്യാൻസറിന് കാരണമാവുന്ന അഫ്ളാറ്റോക്‌സിൻ ഉത്പാദിപ്പിക്കുന്ന ചില പ്രത്യേകതരം ഫംഗസുകൾ കപ്പലണ്ടിയിൽ കാണപ്പെടാറുണ്ട്. ഫംഗസ് ബാധിച്ച കപ്പലണ്ടി കഴിക്കുന്നത് ശരീരത്തിന് ഗുരുതരമായി ദോഷം ചെയ്യും.