അയോദ്ധ്യ രാമക്ഷേത്രം സന്ദർശിക്കാനൊരുങ്ങി അരവിന്ദ് കേജ്‌രിവാൾ; കുടുംബസമേതം നാളെ എത്തും

Sunday 11 February 2024 5:52 PM IST

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ചേക്കും. തിങ്കളാഴ്ച ഭാര്യയ്ക്കും മാതാപിതാക്കൾക്കും ഒപ്പമാകും കേജ്‌രിവാൾ അയോദ്ധ്യയിലെത്തുകയെന്നാണ് വിവരം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒപ്പമുണ്ടാകും.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്ന ജനുവരി 22ന് ഔപചാരിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് കേജ്‌രിവാൾ പറഞ്ഞിരുന്നു. കുടുംബത്തിനൊപ്പം പിന്നീട് അയോദ്ധ്യ സന്ദർശിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച സന്ദർശനം നടത്തുമെന്ന തരത്തിൽ വിവരങ്ങൾ പുറത്തുവരുന്നത്.

അതേസമയം, പഞ്ചാബിലെയും ചണ്ഡിഗഢീലെയും മുഴുവൻ ലോക്സഭാ സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ ഇന്നലെ പ്രഖ്യാപിച്ചത് 'ഇന്ത്യ' സഖ്യത്തിന് തിരിച്ചടിയായി. പഞ്ചാബിലെ 13 സീറ്റുകളിലും,​ ചണ്ഡിഗഢീലെ ഒരു സീറ്റിലും 15 ദിവസത്തിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പഞ്ചാബിലെ അംലോഹിൽ ഘർ ഘർ റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ്,​ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന പാർട്ടി നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. പഞ്ചാബിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ട് സീറ്റിലും,​ ആം ആദ്മി പാർട്ടി ഒരു സീറ്റിലും ജയിച്ചിരുന്നു.