ബിജെപി ഒറ്റയ്ക്ക് 370 സീറ്റ് നേടും, ആത്മവിശ്വാസം പ്രകടിപ്പിച്ച് നരേന്ദ്ര മോദി

Sunday 11 February 2024 8:55 PM IST

ഭോപ്പാല്‍: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് നാനൂറ് സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പോലും പറയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഓരോ ബൂത്തിലും 370 വോട്ടുകള്‍ അധികമായി പോള്‍ ചെയ്യുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പാക്കണമെന്നും. അങ്ങനെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മദ്ധ്യപ്രദേശിലെ ഒരു പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

മദ്ധ്യപ്രദേശില്‍ 7,550 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 'ആഹാര്‍ അനുദന്‍ യോജന' പ്രകാരം ഏകദേശം രണ്ടു ലക്ഷത്തോളം സ്ത്രീകള്‍ക്കുള്ള പദ്ധതിയും ഇതില്‍പ്പെടും.പദ്ധതി പ്രകാരം, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി പ്രതിമാസം 1500 രൂപ ലഭിക്കും.

സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള യുവാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന താന്ത്യ മാമാ ഭില്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. 170 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

തന്റെ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ എത്തുമ്പോള്‍ അത് 400 സീറ്റ് നേടിക്കൊണ്ടാകണമെന്നത് നരേന്ദ്ര മോദിയുടെ സ്വപ്‌നമാണ്. ഇത് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ ഒരു വര്‍ഷം മുമ്പ് തന്നെ ബിജെപി ആരംഭിക്കുകയും ചെയ്തിരുന്നു.