19കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവാവ് അറസ്റ്റിൽ

Monday 12 February 2024 2:16 AM IST

കട്ടപ്പന: വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കട്ടപ്പന സ്വദേശിനിയായ 19കാരി പെൺകുട്ടിയാണ് ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി സ്വന്തം വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2022 ജൂണിലാണ് എമിൽ വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ പെൺകുട്ടിയെ പീഡിപ്പിച്ചത്. അന്ന് പെൺകുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം.

എന്നാൽ അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി. തുടർന്നാണ് യുവതി വിഷം കഴിച്ചത്. അപകടനില തരണം ചെയ്ത പെൺകുട്ടി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. കട്ടപ്പന പൊലീസ് കാളിയാറ്റിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.