ഉത്തർപ്രദേശ് ; ആഞ്ഞുവീശുമോ അയോദ്ധ്യാ വികാരം

Monday 12 February 2024 12:34 AM IST

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പറഞ്ഞു പഴകിയൊരു പല്ലവിക്ക് പ്രാധാന്യമേറെയുണ്ട് : യു.പി ജയിച്ചാൽ ഇന്ത്യ ഭരിക്കാമെന്ന്! 80 ലോക്‌സഭാ സീറ്റും 403 നിയമസഭാംഗങ്ങൾക്ക് ആനുപാതികമായി വരുന്ന 31 രാജ്യസഭാ സീറ്റുകളും ഈ വസ്‌തുത ന്യായീകരിക്കുന്നു. 2014-ൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ നരേന്ദ്ര മോദിക്ക് യു.പി നൽകിയത് 71 സീറ്റുകൾ. 2019-ൽ അൽപം കുറഞ്ഞെങ്കിലും 64 പ്രതിനിധികൾ മോദിയുടെ ഭൂരിപക്ഷത്തിന് കരുത്തേകി. 2009-ൽ ആകെ 262 സീറ്റുമായി കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്‌ക്ക് ഭരിക്കാൻ യു.പിയിൽ നിന്നുള്ള 21 അംഗങ്ങളുടെ നിർണായക പിന്തുണയുണ്ടായിരുന്നു.

അയോദ്ധ്യ

വികാരം

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ 2017-ൽ 403 അംഗ നിയമസഭയിൽ 312 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് അധികാരത്തിലേറിയ ബി.ജെ.പിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സമാജ്‌വാദി പാർട്ടിയുടെ കടുത്ത വെല്ലുവിളിയിൽ 50ഓളം സീറ്റുകൾ കുറഞ്ഞെങ്കിലും യോഗി ആദിത്യനാഥ് എന്ന കാവിയുടുത്ത മുഖ്യമന്ത്രിയുടെ പ്രഭാവത്തിലും മോദി പ്രതിച്ഛായയിലും 2022-ൽ അധികാരം നിലനിറുത്തി.

ഇവ്വിധം സർവ്വാധിപത്യമുള്ള സംസ്ഥാനത്താണ് ബി.ജെ.പി അവരുടെ ദീർഘകാല ലക്ഷ്യങ്ങളിലൊന്നായ അയോദ്ധ്യയിലെ രാമക്ഷേത്രം പൂർത്തിയാക്കിയത്. രാമക്ഷേത്ര വികാരത്തിൽ രാജ്യം പിന്തുണ നൽകി കേന്ദ്രത്തിൽ അധികാരത്തുടർച്ച ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ബി.ജെ.പിക്ക് അതിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കേണ്ടത് ഉത്തർപ്രദേശിലാണ്. കൂടാതെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്ര നവീകരണവും പ്രചാരണായുധം. കർഷക സമരം പോലുള്ള എതിർവികാരങ്ങളൊട്ടുമില്ല. ചുരുക്കത്തിൽ സമാജ്‌വാദി പാർട്ടി, ബി.എസ്.പി, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ നോക്കുകുത്തിയാക്കി 80 സീറ്റിൽ പരമാവധി നേടിയെടുക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നു.

വേരില്ലാതെ

'ഇന്ത്യ'

ബി.ജെ.പിയെ പ്രതിരോധിക്കാൻ രൂപീകരിച്ച 'ഇന്ത്യ' മുന്നണി സംസ്ഥാനത്ത് പ്രഭാവമുള്ള സമാജ്‌വാദി പാർട്ടിക്കും കോൺഗ്രസിനുമിടയിലെ തർക്കം മൂലം സീറ്റ് ധാരണയുണ്ടാക്കാനാകാതെ പതറുകയാണ്. 2019-ൽ മൂന്നു സീറ്റിലൊതുങ്ങിയ സമാജ്‌‌വാദി പാർട്ടിക്ക് നിലനിൽപ്പിന്റെയും അഭിമാനത്തിന്റെയും തിരഞ്ഞെടുപ്പാണിത്. സ്ഥാപകൻ മുലായം സിംഗിന്റെ അഭാവത്തിൽ മകൻ യുവനേതാവ് അഖിലേഷ് യാദവിന് അതിനാൽ സ്വന്തം തടി കാക്കലാണ് മുഖ്യം.

നിയമസഭാ തിരഞ്ഞെടുപ്പിൽ യാദവ, ഒ.ബി.സി വോട്ടുകൾ സമാഹരിച്ച് 2017-ലെ 47-ൽ നിന്ന് നൂറിനു മുകളിലേക്കുയരാൻ കഴിഞ്ഞത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷ നൽകുന്നു.

വിലാസം തേടി

കോൺഗ്രസ്

ഒരുകാലത്ത് ശക്തമായിരുന്ന യു.പിയിൽ കോൺഗ്രസ് മേൽവിലാസം തേടുകയാണിപ്പോൾ . മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ 2019-ൽ ഒറ്റയ്‌ക്കു മത്സരിച്ച സാഹചര്യമല്ല ഇന്ന്. പ്രിയങ്കാ ഗാന്ധിയുടെ കഠിനാദ്ധ്വാനം ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഫലം കണ്ടില്ല. സമാജ്‌വാദി പാർട്ടി അടക്കം പാർട്ടികൾ 2019-ൽ റായ്ബറേലിയിൽ സോണിയാ ഗാന്ധിയെ ജയിപ്പിക്കാൻ സഹായിച്ചിരുന്നു. അമേഠിയിൽ കഴിഞ്ഞ തവണ നേരിട്ട തോൽവി ആവർത്തിക്കാൻ ആഗ്രഹിക്കാത്ത രാഹുൽ ഗാന്ധി വയനാടിനെത്തന്നെ ആശ്രയിക്കാനാണ് സാദ്ധ്യത.

തിരിച്ചുവരുമോ

മായാവതി

നിലനിൽപ്പ് ഭീഷണിയിൽ 2019-ൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയ മായാവതിയുടെ ബി.എസ്.പി ഇക്കുറി എന്തു ചെയ്യുമെന്നത് പ്രധാനം (2019ൽ 38 സീറ്റുകളിൽ വീതം മത്സരിച്ചു.ഇനി സഖ്യമില്ലെന്ന് ഇരു പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്). യു.പി ഭരിച്ച പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലേക്ക് കൂപ്പുകുത്തിയിരുന്നു. ഒവൈസിയുടെഎ.ഐ.എം.എം പിടിക്കുന്ന മുസ്ലിം വോട്ടുകളും ചെറു പാർട്ടികളും ബി.എസ്.പിക്ക് ഭീഷണി.

ചെറുകക്ഷികളെ

ആര് പിടിക്കും?

ബി.ജെ.പി സംഖ്യകക്ഷിയായ അനുപ്രിയ പട്ടേലിന്റെ അപ്‌നാദൾ, ചരൺ സിംഗിന്റെ കൊച്ചുമകൻ ജയന്ത് ചൗധരിയുടെ രാഷ്‌ട്രീയ ലോക്‌ദൾ എന്നിവ എൻ.ഡി.എയ്‌ക്കൊപ്പം. ചരൺസിംഗിന് ഭാരതരത്നം നൽകിയതും എടുത്തുപറയേണ്ടതാണ് . ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി അടക്കം ചെറു രാഷ്ട്രീയ പാർട്ടികളും യു.പിയുടെ പ്രത്യേകതയാണ്. അവർ പിടിക്കുന്ന വോട്ടുകൾ വൻകക്ഷികൾക്ക് തലവേദനയാകും.

വോട്ടുബാങ്കായ

ജാതികൾ

ഹിന്ദി ബെൽറ്റിൽ ജാതിരാഷ്ട്രീയം ഏറെ നിർണായകമായ സംസ്ഥാനമാണ് യു.പി. ബി.ജെ.പി, സമാജ്‌വാദി അടക്കം മുഖ്യപാർട്ടികളെ കൂടാതെ ചെറുപാർട്ടികളും ജാതിയുടെ ബലത്തിലാണ് നിലനിൽക്കുന്നത്.

എൻ.ഡി.എ:

അപ്നാദൾ (എസ്- കൂർമി സമുദായം ), നിഷാദ് പാർട്ടി ( നിഷാദ്, ബിന്ദ, മല്ല സമുദായങ്ങൾ), ഭാരതീയ മാനവ് സമാജ് പാർട്ടി (ബിന്ദ്, കാശ്യപ് ,മല്ല സമുദായങ്ങൾ) അപ്നാദൾ വിമത വിഭാഗം (കൂർമി സമുദായം), ആർ.എൽ.ജെ.ഡി(കുശ്‌വാഹ)

എസ്.പി:

സുഹൽദേവ് രാജ് ഭർ ഭാരതീയ സമാജ് പാർട്ടി ( ഭർ, രാജ്ഭർ സമുദായങ്ങൾ), മഹാൻ ദൾ ( മൗര്യ, കുശ്‌വാഹ, ശാക്യ സമുദായങ്ങൾ), ജനവാദി പാർട്ടി (എസ്- നോനിയ സമുദായം), ഭാഗിദാരി പാർട്ടി (കുംഹാർ സമുദായം), ഭാരതീയ വഞ്ചിത് സമാജ് പാർട്ടി (കശ്യപ് ,നിഷാദ്, മല്ല സമുദായങ്ങൾ), പ്രഗതിശീൽ സമാജ് വാദി പാർട്ടി (യാദവ്, മറ്റ് ഒ.ബി.സി വിഭാഗങ്ങൾ), ജനതാ ക്രാന്തി പാർട്ടി (നോനിയ സമുദായം), രാഷ്ട്രീയ ഉദയ് പാർട്ടി(പാൽ, ഭാഗേൽ സമുദായങ്ങൾ), ക്വാമി ഏകതാദൾ (മുസ്ലിം സമുദായം), സമാധാൻ പാർട്ടി(മുസ്ലിം)

വോട്ട് നില

2019:

ബി.ജെ.പി 64, സമാജ്‌വാദി പാർട്ടി 3, അപ്‌നാദൾ 2,

കോൺഗ്രസ് 1 (സോണിയഗാന്ധി)

2014:

ബി.ജെ.പി 71, സമാജ്‌വാദി പാർട്ടി 5, കോൺഗ്രസ് 2, അപ്‌നാദൾ 2

2009:

സമാജ്‌വാദി പാർട്ടി 23, കോൺഗ്രസ് 21, ബി.എസ്.പി 20, ബി.ജെ.പി 10, ആർ.എൽ.ഡി 5, സ്വതന്ത്രൻ 1

Advertisement
Advertisement