'ഭാരത് മാതാ കീ ജയ്, ഇന്ത്യൻ മണ്ണിൽ കാലുകുത്തിയത് മോദിയുടെ ഇടപെടൽ കൊണ്ട് മാത്രം'; നന്ദി അറിയിച്ച് മുൻ ഇന്ത്യൻ നാവികർ
ന്യൂഡൽഹി: 2022ൽ ചാരവൃത്തി ആരോപിച്ച് ഖത്തർ തടവിലാക്കിയ മുൻ ഇന്ത്യൻ നാവികരെ വെറുതെ വിട്ടിരുന്നു. മലയാളിയായ രാകേഷ് ഗോപകുമാർ അടക്കമുള്ള എട്ട് പേരെയാണ് വെറുതെ വിട്ടത്. ഇതിൽ ഏഴ് പേർ ഇന്ന് ഇന്ത്യയിൽ മടങ്ങിയെത്തി. ഡൽഹിയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുന്ന ഇവരുടെ ആദ്യ പ്രതികരണം പുറത്തുവന്നു.
നരേന്ദ്ര മോദിയുടെ ഇടപെടൽ മൂലമാണ് തിരിച്ചെത്താൻ കഴിഞ്ഞതെന്ന് ഒരു മുൻ നാവിക ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ നിരന്തര പരിശ്രമം കൊണ്ടാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഭാരത് മാതാ കീ ജയ്' വിളിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്നത്.
'ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഞങ്ങൾ ഏകദേശം 18മാസത്തോളം കാത്തിരുന്നു. പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. ഖത്തറുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടൽ മൂലമാണ് ഞങ്ങൾക്ക് ഇവിടെ കാലുകുത്താൻ കഴിഞ്ഞത് . നിങ്ങൾ നടത്തിയ എല്ലാ ശ്രമങ്ങൾക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു. '. - മുൻ നാവികസേന ഉദ്യോഗസ്ഥൻ പറഞ്ഞു.
രാകേഷ് ഗോപകുമാറിനെ കൂടാതെ നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത, എന്നിവരായിരുന്നു പിടിയിലായത്. കഴിഞ്ഞ ഡിസംബറിൽ ഇവരുടെ വധശിക്ഷ ഖത്തർ സ്‌റ്റേ ചെയ്തിരുന്നു.
ദോഹ കേന്ദ്രമായുള്ള ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരാണ് എട്ട് പേരും. ഇന്ത്യൻ നാവികസേനയിൽ സുപ്രധാന പദവികളിലിരുന്ന ഇവർ വിരമിച്ച ശേഷമാണ് ഖത്തറിൽ ജോലിയിൽ പ്രവേശിച്ചത്. ഇറ്റാലിയൻ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ ചോർത്തിയെന്നായിരുന്നു ആരോപണം.