ഭാവിയിലെ മുഖ്യമന്ത്രിക്കൊരു മുറി, താമരയിലകൾ  കൊത്തിവച്ച കൽത്തൂണുകൾ; കേരളത്തിലെ പുതിയ ബിജെപി ആസ്ഥാനമന്ദിരത്തിന് ഇനിയുമുണ്ട് പ്രത്യേകതകൾ

Monday 12 February 2024 10:09 AM IST

തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരത്തിൽ ഇന്ന് പാലുകാച്ചൽ ചടങ്ങ് നടക്കും. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, ഒ രാജഗോപാൽ, വി മുരളീധരൻ, കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞ മൂന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീയതി ലഭിച്ചതിന് ശേഷമേ തീരുമാനിക്കുകയുളളൂ.

രാജ്യത്തെ പലസ്ഥലങ്ങളിൽ നിന്നെത്തുന്ന നേതാക്കൾക്ക് താമസിക്കാനുളള സൗകര്യങ്ങളും പുതിയ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.അറുപതിനായിരം ചതുരശ്ര അടിയിൽ അഞ്ച് നിലകളിലായി നിർമിച്ച മന്ദിരത്തിന്റെ ആദ്യ നിലയിലാണ് അദ്ധ്യക്ഷന്റെ ഓഫീസ്. ഭാവി മുഖ്യമന്ത്രിക്കായും ഇവിടെ ഒരു മുറി തയ്യാറാക്കിയിട്ടുണ്ട്. അതായത് ഭാവിയിൽ കേരളം ബിജെപി ഭരിക്കുമെന്നും അപ്പോഴൊരു മുഖ്യമന്ത്രിയുണ്ടാകുമെന്നും കണക്കുകൂട്ടിയാണ് പുതിയ മന്ദിരത്തിൽ മുറിയൊരുക്കിയിരിക്കുന്നത്.

അദ്ധ്യക്ഷന്റെ മുറിയോട് ചേർന്നൊരു ബാൽക്കണിയുണ്ട്. നേതാക്കൾക്ക് മന്ദിരത്തിന് പുറത്തുനിൽക്കുന്ന അണികളെ കാണാൻ സാധിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക യോഗങ്ങൾക്കും വീഡിയോ കോൺഫറൻസുകൾക്കുമായി വിശാലമായ മുറിയും ഒരുക്കിയിട്ടുണ്ട്. മൂന്നാം നിലയിലായി നാല് സംസ്ഥാന ജനറൽ സെക്രട്ടറിമാർക്കായി പ്രത്യേക മുറികളും പോഷക സംഘടനകളുടെ സംസ്ഥാന അദ്ധ്യക്ഷൻമാർക്കായി കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. താമരയിലകൾ കൊത്തിവച്ചിട്ടുളള 15 കൽത്തൂണുകളും രണ്ട് ലക്ഷം ലിറ്റർ മഴവെളളം സംഭരിക്കാൻ ശേഷിയുളള സംഭരണിയും പുതിയ മന്ദിരത്തിൽ ശ്രദ്ധേയമാണ്. ഹരിത നിർമാണ ചട്ടം പാലിച്ച് നിർമിച്ച കെട്ടിടത്തിൽ 22 കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകളുണ്ട്.