പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയി; കോഴിക്കോട് വീട്ടമ്മ അറസ്റ്റിൽ

Monday 12 February 2024 10:45 AM IST

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ. ആനക്കാംപൊയിൽ സ്വദേശിനി ജിനു, ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി ടോംസി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച് ജിനു നാടുവിട്ടതെന്ന പരാതിയിലാണ് നടപടി.

ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ടോമിയെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പിതാവും കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുന്നത്.

അവിടെ നിന്ന് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവർക്കുമെതിരെ ജുവനെെൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐപിസി 317-ാം വകുപ്പ് പ്രകാരവും കേസെടുത്തു. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.