കർഷക പ്രക്ഷോഭം; അറസ്റ്റ് ചെയ്യുന്ന കർഷകരെ പാർപ്പിക്കാൻ രണ്ട് സ്റ്റേഡിയങ്ങൾ ജയിലുകളാക്കി ഹരിയാന സർക്കാർ

Monday 12 February 2024 10:57 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭവുമായി എത്തുന്ന കർഷകരെ അറസ്​റ്റ് ചെയ്ത് താൽക്കാലികമായി പാർപ്പിക്കാനുളള ജയിലുകളൊരുക്കി ഹരിയാന സർക്കാർ. സമരത്തിനിടെ ആക്രമണം നടത്തുന്ന കർഷകരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാനാണിത്. സംസ്ഥാനത്ത് നിലവിലുളള ജയിലുകളിൽ കൂടുതൽ ആളുകളെ പാർപ്പിക്കാനുളള സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് പുതിയ നീക്കം.ഹരിയാനയിലെ പ്രധാനപ്പെട്ട രണ്ട് സ്​റ്റേഡിയങ്ങളാണ് താൽക്കാലിക ജയിലുകളായി മാറ്റുന്നത്. ഇൻഡോറിലെ സിർസയിലുളള ചൗധരി ദാൽബിർ സ്‌​റ്റേഡിയം, ദബ്‌വലിലുളള ഗുരു ഗോബിന്ദ് സിംഗ് സ്‌​റ്റേഡിയം എന്നിവയാണ് താൽക്കാലിക ജയിലുകളായി ഒരുങ്ങുന്നത്.

പ്രക്ഷോഭം നടക്കുന്നതിന്റെ ഭാഗമായി ഹരിയാനയിലും ഡൽഹിയിലും വൻസുരക്ഷാ സജീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അതിർത്തികളിലായി നിരവധി പൊലീസ് സേനയെ വിന്യസിപ്പിക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്.തലസ്ഥാനത്തേക്കുളള കർഷക പ്രക്ഷോഭം അതിർത്തി കടക്കുന്നതിന് സർക്കാർ പൊലീസിനെ വിന്ന്യസിച്ചതിൽ വിമർശനവുമായി പ്രതിപക്ഷവും മ​റ്റ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കർഷക സംഘടനകളോട് അനുനയത്തിനായി ആവശ്യപ്പെട്ട് കേന്ദ്രം ഇന്ന് അടിയന്തരയോഗം കൂടാൻ തീരുമാനിച്ചിട്ടുണ്ട്.

രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി ഇരുപതിനായിരം കർഷകരെങ്കിലും ന്യൂഡൽഹിയിൽ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൂടാതെ കർഷകർ കാറിലും ബൈക്കിലും ബസിലും മെട്രോ ട്രെയിനുകളിലും എത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി,​ ആഭ്യന്തര മന്ത്രി അമിത് ഷാ,​ കൃഷി മന്ത്രി അർജുൻ മുണ്ട എന്നിവരുടെയും സീനിയർ ബിജെപി നേതാക്കളുടെയും വസതികൾ കർഷകർ വളയാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കർഷകരുടെ ആവശ്യങ്ങൾ

1. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം

2. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം

3. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ

4. കാർഷിക കടം എഴുതിത്തള്ളണം

5. കർഷക സമരത്തിന്റെ കേസുകൾ പിൻവലിക്കണം

6. ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലപാതകത്തിലെ ഇരകൾക്ക് നീതി