പരിസരവാസികൾക്ക് യാതൊരുവിധ സംശയവും തോന്നാത്ത തരത്തിലായിരുന്നു ഇബ്രാഹിം അലിയുടെ നീക്കം, പക്ഷേ പിടിയിലായി

Monday 12 February 2024 5:38 PM IST

കൊച്ചി: അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്നയാളെ കുന്നത്തുനാട് എക്സൈസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഇബ്രാഹിം അലിയാണ് 9.247 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ താമസസ്ഥലം മനസ്സിലാക്കി വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.

പരിസരവാസികൾക്ക് യാതൊരുവിധ സംശയവും തോന്നാത്ത തരത്തിലാണ് ഇയാൾ അവിടെ താമസിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ലക്ഷങ്ങൾ മൂല്യം വരും. ഇതര സംസ്ഥാനക്കാരായ ലഹരി ഉപഭോക്താക്കൾക്കിടയിൽ ആസാം ബാബ എന്നറിയപ്പെടുന്ന കഞ്ചാവാണ് പ്രതി വില്പന നടത്തിയിരുന്നത്.

കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സലിം യൂസഫ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ ടി സാജു, പ്രിവന്റീവ് ഓഫീസർ സി ബി രഞ്ചു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, പി ആർ അനുരാജ്, എം എ അസൈനാർ, എ ബി സുരേഷ് എന്നിവർ പങ്കെടുത്തു.