കാട് കാക്കാൻ കാടിന്റെ മക്കൾ

Tuesday 13 February 2024 12:51 AM IST

ഗോത്രസമൂഹത്തിൽ നിന്ന് അഞ്ഞൂറോളം പേർ ഒരേസമയം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി സർവീസിൽ പ്രവേശിക്കുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരേ സമയത്ത് ഇത്രയും പേർ സർവീസിൽ പ്രവേശിക്കുന്നതെന്നാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കിയത്.

വന്യജീവികളും മനുഷ്യരും തമ്മിലുളള സംഘർഷം അനുദിനം ഗുരുതരമായിക്കാെണ്ടിരിക്കുകയും മലയോരമേഖലകളിൽ വീടുകളിലേക്കു പോലും കാട്ടാനകൾ പാഞ്ഞുകയറി മനുഷ്യരെ കൊല്ലുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വളരെ നിർണ്ണായകമാണിത്. കാടിന്റെ ഓരോ സ്പന്ദനവും അറിഞ്ഞവരാണ് ഗോത്രസമൂഹക്കാർ. അതുകൊണ്ടു തന്നെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കണമെന്നും എങ്ങനെ പരിപാലിക്കണമെന്നും അവർക്ക് അറിയുന്നതു പോലെ മറ്റാർക്കും അറിയാൻ കഴിയില്ല.

ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടി കോടാനുകോടി രൂപ ചെലവഴിക്കുകയും നിരവധി പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പ്രയോജനം വേണ്ടത്ര ലഭിക്കുമായിരുന്നെങ്കിൽ അവർ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉയർന്നു നിൽക്കുമായിരുന്നു. അത് വേണ്ടത്രയായില്ല എന്നുള്ള അനുഭവം പുതിയ മേഖലകളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് മന്ത്രി കെ.രാധാകൃഷ്ണൻ പറയുന്നത്. അവരെ സ്വയം പര്യാപ്തരാക്കണമെന്ന് തിരിച്ചറിഞ്ഞാണ് തൊഴിലും വരുമാനവും ഉണ്ടാക്കുക എന്ന സമീപനം സ്വീകരിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി സർവീസിൽ കയറുന്നവർ അവസരം നന്നായി വിനിയോഗിച്ച് സമൂഹത്തിന് മാതൃകയാകണം. സ്വന്തം കാര്യം മാത്രം നോക്കാനല്ല, സമൂഹത്തിന്റെ കാര്യവും നോക്കേണ്ട ഉത്തരവാദിത്വവും ബാദ്ധ്യതയുമെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. 500 പേർക്കുള്ള നിയമനത്തിൽ പലരും പാതി വഴിയിൽ പോയിട്ടുണ്ട്. ആ ഒഴിവുകൾ ലിസ്റ്റിൽ അവശേഷിക്കുന്നവരിൽ നിന്ന് നികത്തണമെന്നും മന്ത്രി വ്യക്തമാക്കുന്നു.

വാളയാർ സ്റ്റേറ്റ് ഫോറസ്സ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ എന്റോൾ ചെയ്ത 123-ാമത് ബാച്ചിലെ 238 പേരും, അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയ്‌നിംഗ് ഇൻസ്റ്റിറ്റൂട്ടിൽ എന്റോൾ ചെയ്തിട്ടുള്ള 87-ാമത് ബാച്ചിലെ 222 പേരും ഉൾപ്പെടെ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം തൃശൂരിലെ പൊലീസ് അക്കാഡമി ഗ്രൗണ്ടിൽ പരേഡ് കഴിഞ്ഞിറങ്ങിയത്.

കൂട്ടത്തിൽ ഉന്നത

വിദ്യാഭ്യാസമുള്ളവരും

ഗോത്ര സമൂഹത്തിൽ നിന്നുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ ആറ് എം.ഫിൽ ഉൾപ്പെടെയുള്ള ബിരുദമുള്ളവരും മൂന്ന് ബി.ടെക്കുകാരും ഒരു എം.ബി.എ, എം.സി.എക്കാരും 104 ബിരുദധാരികളുമുണ്ട്. വനത്തെ ആശ്രയിച്ച് കഴിയുന്ന ഗോത്ര സമൂഹത്തിൽപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കാനാണ് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക സൃഷ്ടിച്ചത്. പി.എസ്.സി എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ച് നിയമനം നേടിയ 481 പേരിൽ 3 മാസക്കാലത്തെ പൊലീസ് പരിശീലനവും ആറ് മാസക്കാലത്തെ ഫോറസ്ട്രി പരിശീലനവും പൂർത്തിയാക്കിയ 460 പേരാണ് പാസിംഗ് ഔട്ട് പരേഡിൽ സത്യപ്രതിജ്ഞ ചെയ്ത് വനംവകുപ്പിന്റെ ഭാഗമായത്. ഇവരിൽ 372 പുരുഷന്മാരും 88 വനിതകളുമുണ്ട്.

2023 ഏപ്രിൽ 17നാണ് പൊലീസ് അക്കാഡമിയിൽ അടിസ്ഥാന പരിശീലനത്തിന് തുടക്കം കുറിച്ചത്. ഒമ്പത് മാസം നീണ്ടുനിന്ന പരിശീലന കാലയളവിൽ മൂന്ന് മാസത്തെ പൊലീസ് പരിശീലനത്തിൽ ഐ.പി.സി, സി.ആർ.പി.സി തുടങ്ങിയ നിയമങ്ങളും, പരേഡ്, ആയുധ പരിശീലനം എന്നിവയും ലഭിച്ചിട്ടുണ്ട്. ആറ് മാസത്തെ ഫോറസ്ട്രി പരിശീലനത്തിൽ വന നിയമങ്ങൾ, ഫോറസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ 14 വിഷയങ്ങളും നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ സർവൈലൻസ്, ടോട്ടൽ സ്റ്റേഷൻ, സ്‌നേക് റെസ്‌ക്യൂ, മനുഷ്യ വന്യജീവി സംഘർഷ പ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങിയവയിലും ഫയർ അക്കാഡമിയുടെ ജംഗിൾ സർവൈവൽ, ദുരന്ത നിവാരണം എന്നിവയിലും പരിശീലനം നൽകി. ഔട്ട്‌ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരികക്ഷമതാ പരിശീലനം എന്നിവയ്ക്ക് പുറമേ നീന്തൽ, യോഗ, കമ്പ്യൂട്ടർ, ആയുധ, ഫയറിംഗ് പരിശീലനമുൾപ്പെടെ ലഭ്യമാക്കി.

ഏറെയും

വയനാട്ടുകാർ

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ കൂടുതലും വയനാടിൽ നിന്ന്, 161 പേർ. തിരുവനന്തപുരം -18, പത്തനംതിട്ട -10, കൊല്ലം - 10, കോട്ടയം- 21, ഇടുക്കി -35, എറണാകുളം -12, തൃശൂർ - 9, പാലക്കാട്- 57, മലപ്പുറം -28, കോഴിക്കോട് - 16, കണ്ണൂർ -44, കാസർകോട് - 39 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ളവർ. വിജയകരമായി ട്രെയിനിംഗ് പൂർത്തീകരിച്ചവരിൽ ഭാര്യ ഭർത്താക്കന്മാർ, സഹോദരങ്ങൾ, ഇരട്ട സഹോദരങ്ങൾ തുടങ്ങിയവരുമുണ്ട്.

ഇക്കൂട്ടത്തിൽ, നിലമ്പൂർ ഉൾക്കാടുകളിലെ ചോലനായ്ക്കർ വിഭാഗത്തിൽ നിന്നും രണ്ടാമത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് 27കാരനായ പി. രവീന്ദ്രൻ ചരിത്രത്തിൽ ഇടം നേടുന്നത്. നിലമ്പൂർ മാഞ്ചീരി കോളനിയിൽ നിന്നുമാണ് കാട് കാക്കാൻ രവീന്ദ്രനെത്തുന്നത്. കാടിന്റെ വന്യതയിലും അളകളുടെ (ഗുഹാ വീടുകൾ) സുരക്ഷിതത്വത്തിലുമായിരുന്നു രവീന്ദ്രന്റെ ബാല്യം. എന്നാൽ സ്വപ്നങ്ങൾക്കപ്പുറം രവീന്ദ്രന്റെ ജീവിതയാത്ര ഒരു ചരിത്രം എഴുതാൻ ഒരുങ്ങുകയാണ്.

ചോലനായ്ക്കർ വിഭാഗത്തിൽ നിന്നും കാട് ഇറങ്ങി സർക്കാർ ജോലിയിൽ ആദ്യം പ്രവേശിച്ചത് ബി.എഫ്.ഒയായിരുന്ന ബാലനാണ്. രവീന്ദ്രന്റെ ചെറിയച്ഛനാണ് ബാലൻ. 2007ലാണ് ബാലൻ സേനയുടെ ഭാഗമാകുന്നത്. അതൊരു ചരിത്രവും പ്രചോദനവുമായി മാറുകയായിരുന്നു. തുടർന്ന് കാടിനെ അറിയുന്നവരെ കാട് കാക്കാൻ സർക്കാർ ലക്ഷ്യമിട്ടപ്പോൾ രവീന്ദ്രന്റെ സ്വപ്നങ്ങളിലേക്കുള്ള വാതിലായി അത് തുറന്നു. സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കണമെന്നും ലോകം കാണണമെന്നും സ്വപ്നങ്ങൾ പങ്കിടുമ്പോഴും കാടും കാട്ടറിവും പൂർവികർ പകർന്ന പാരമ്പര്യങ്ങളും കൈമോശം വരാതെ കാത്തുസൂക്ഷിക്കുമെന്നും രവീന്ദ്രൻ പറയുന്നു.

നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂളിൽ നിന്നും പ്ലസ് ടു വിദ്യാഭ്യാസമാണ് രവീന്ദ്രൻ കരസ്ഥമാക്കിയത്. തുടർന്ന് വാച്ചറായി ജോലി ചെയ്തു. മാഞ്ചീരി കോളനിയിലെ പാണപ്പുഴയാണ് ജന്മദേശം. നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ഈ മേഖല ഉൾവനപ്രദേശമാണ്. ബാലനെയും രവീന്ദ്രനെയും കൂടാതെ ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിൽ ജോലി നേടിയ മറ്റൊരാൾ ഫോറസ്റ്റ് വാച്ചറായ വിജയനാണ്. ഇന്ത്യയിലെ പ്രാചീന ഗോത്രവർഗ വിഭാഗങ്ങളിൽ ഒന്നാണ് ചോലനായ്ക്കർ. 70 കുടുംബങ്ങളിലായി 231 പേരാണ് ചോല നായ്ക്കർ വിഭാഗത്തിൽ നിലവിലുള്ളത്.