ഇത്തവണ നേരത്തേ തുടങ്ങി, ഗ്രാമ നഗര വ്യത്യാസമില്ലാതെ വൻ ഡിമാൻഡ്, കൂടുതൽ പേർക്കും ആവശ്യം ഈ മോഡൽ
കോട്ടയം : പൊള്ളുന്ന ചൂടിൽ എ.സി വിപണി ഉണർന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ വില്പന കൂടുന്നതെങ്കിലും ഇത്തവണ നേരത്തെ ആരംഭിച്ചു. സീസൺ പ്രമാണിച്ച് ഓഫറുകളുമുണ്ട്. ഒരു ടൺ എ.സിയാണ് കൂടുതൽ വിറ്റുപോകുന്നത്. ഒന്നര ടണ്ണിനും ആവശ്യക്കാരുണ്ട്. വൈദ്യുതി ഉപഭോഗത്തിന് അനുസരിച്ചുള്ള സ്റ്റാർ റേറ്റിംഗുകൾ അനുസരിച്ചാണ് വില്പന. കുറവ് വൈദ്യുതി വേണ്ടവയ്ക്കാണ് ആവശ്യക്കാർ.
ഗ്രാമ - നഗര വ്യത്യാസമില്ലാതെ എ.സി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. പുതിയ വീട് പണിയുമ്പോൾ ഫാനിനൊപ്പം എ.സികൂടി വാങ്ങുന്നവരാണ് ഏറെയും. സെൻട്രലൈസ്ഡ് എ.സിയുള്ള വീടുകളുടെ എണ്ണവുമേറി. ഒരു മുറിയിൽ മാത്രം എ.സി ഉപയോഗിച്ചിരുന്നവർ എല്ലാ മുറകിളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. വൈഫൈ മോഡലുകളും വിപണിയിലുണ്ട്. മൊബൈൽ വഴി എവിടെയിരുന്നും വീട്ടിലെ എ.സി ഓണാക്കാം. വീട്ടിലെത്തുമ്പോഴേക്കും മുറി ആവശ്യത്തിന് തണുപ്പിലെത്തിയിരിക്കും.
കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഓഫറുകളുകളാണ് കമ്പനികൾ നൽകുന്നത്. മൂന്ന് വർഷം വരെ വാറണ്ടി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയവ നൽകുന്നു. ഈ രീതിയിൽ ചൂട് പോയാൽ ഇക്കുറി റെക്കാഡ് വിറ്റുവരവുണ്ടാകുമെന്ന പ്രതീക്ഷയാണ് കമ്പനി അധികൃതർ പങ്കുവയ്ക്കുന്നത്. കൂടുതൽപ്പേർ തവണ വ്യവസ്ഥയിൽ എ.സി വാങ്ങുന്നവരാണ്. ഷോറൂമുകൾ സ്വന്തംനിലയ്ക്കും ലോൺ നൽകുന്നു.
'' വിപണി ഉഷാറിലാണ്. തവണ വ്യവസ്ഥയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന. കമ്പനികൾ വിലകൂട്ടുകയാണ്. എ.സി വിൽപ്പനയുടെ 60 % ജനുവരി മുതൽ ഏപ്രിൽവരെയുള്ള സീസണിലാണ്.
ഗിരീഷ് കോനാട്ട്, വ്യാപാരി വ്യവസായി ഏകോപന ജില്ലാ സെക്രട്ടറി
വില ഒരു ടൺ 25,000 രൂപ മുതൽ
ബ്രാൻഡഡ് 30,000