അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

Tuesday 13 February 2024 1:59 AM IST

ഇടുക്കി: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ശെൽവത്തിന്റെ ഭാര്യ ഷീലയാണ് (31) മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ ഒമ്പതിനാണ് അയൽവാസിയായ ശശികുമാർ ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.

സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്. സംഭവദിവസം ഉച്ചയ്ക്ക് ഏലയ്ക്ക ഉണക്കാനായി ഷീല സ്റ്റോറിലെത്തിയ ഷീലയെ ശശികുമാർ സ്വന്തം ലയത്തിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോവുകയും അവിടെവച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുഖത്തും വയറിലും സാരമായി പൊള്ളലേറ്റ ഇവരെ ഉടൻ തന്നെ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചു.

സംഭവത്തിനിടെ പൊള്ളലേറ്റ ശശികുമാർ ഇടുക്കി മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. ഷീല മരിച്ച സാഹചര്യത്തിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ശശികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം ഷീലയുടെ മൃതദേഹം തമിഴ്‌നാട്ടിൽ സംസ്‌കരിക്കും. മക്കൾ: നില, നിഖിൽ.

Advertisement
Advertisement