ജീവൻ തിരിച്ചുകിട്ടിയ അനിലിൽ പൊലീസ് സ്റ്റേഷനിലെത്തി,​ നന്ദി പറയാൻ!

Tuesday 13 February 2024 1:22 AM IST

കുട്ടനാട് : വെളിയനാട് രണ്ടാം വാർഡ് അനിതാസദനത്തിൽ എ.സി.അനിൽകുമാർ,​ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ ഉടൻ ആദ്യം പോയത് രാമങ്കരി പൊലീസ് സ്റ്റേഷനിലേക്ക്. ആരുടെയും പേരിൽ കേസ്കൊടുക്കാനല്ല,​ എല്ലാവരെയും കണ്ട് നന്ദിപറയാനാണ്. കഴിഞ്ഞ മാസം അന്തിചെത്താനായി നടന്നുപോകുന്നതിനിടെ കാലിൽ അണലിയുടെ കടിയേറ്റ അനിൽകുമാറിന് ജീവൻ തിരിച്ചുപിടിക്കാനായത് രാമങ്കരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ്.

കഴിഞ്ഞ10ന് വൈകിട്ടാണ് അനിലിനെ അണലിയുടെ കടിച്ചത്. അവിടെ നിന്ന് നടന്ന് അടുത്തുള്ള വീട്ടിൽകയറി തുണിവാങ്ങി കാലിൽ ചുറ്റിക്കെട്ടിയ ശേഷം ഓട്ടോറിക്ഷയിൽ കയറി പാട്ടപ്പറമ്പ് ജംഗ്ഷനിലെത്തി. ഇവിടെ നിന്ന് തിരുവല്ലയിലേക്ക് പോകാൻ തിടുക്കം കൂട്ടുന്നതിനിടെയാണ്

രാമങ്കരി സ്റ്റേഷനിലെ എ.എസ്.ഐ മാരായ റിജോജോയി, ബൈജു.എച്ച്, സി.മിനിമോൾ ഹെഡ്കോൺസ്റ്റബിൾ ബാബുക്കുട്ടൻ എന്നിവരടങ്ങിയ സംഘം ഇവിടെ എത്തിയത്. അനിൽകുമാർ കാര്യം പറഞ്ഞതോടെ അവർ ആലപ്പുഴ പൊലീസ് കൺട്രോൾറൂമിലും തിരുവല്ല കൺട്രോൾ റൂം വഴി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലും വിവരം അറിയിച്ചു.

വിദഗ്ദ്ധചികിത്സ ഏർപ്പാടാക്കുകയും ചെയ്തു. മാത്രമല്ല, 20മിനിട്ടിനുള്ളിൽ പൊലീസ് ജീപ്പിൽ അനിലിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഒരുമാസത്തോളം നീണ്ട ചികിത്സയ്‌ക്ക് ശേഷമാണ് അനിൽകുമാർ ഡിസ്ചാർജായത്. ജീവൻ രക്ഷിച്ചതിനുള്ള നന്ദി പറയാനാണ് അനിൽകുമാർ പൊലീസ് സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ 20വർഷമായി സി.ഐ.ടി യൂണിയനിലെ തൊഴിലാളിയാണ് അനിൽ. ഭാര്യ:ആശ. മക്കൾ:അശ്വനി,അശ്വിൻ.

Advertisement
Advertisement