പി.സി.ജോർജിന് പത്തനംതിട്ടയിൽ പരാജയം ഉറപ്പെന്ന് വെള്ളാപ്പള്ളി
കോന്നി: പി സി ജോർജിനെ പത്തനംതിട്ടയിൽ എൻ. ഡി.എ സ്ഥാനാർത്ഥിയാക്കിയാൽ പരാജയം ഉറപ്പാണെന്ന് എസ്.എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോന്നിയിൽ സ്വകാര്യ ചടങ്ങിനെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
നിലപാടില്ലാത്ത, പക്ഷമില്ലാത്ത നേതാവാണ് അദ്ദേഹം, എത്ര തവണ അങ്ങോട്ടും ഇങ്ങോട്ടും മലക്കം മറിഞ്ഞു. ആരെപ്പറ്റിയും എന്തും പറയാനുള്ള ലൈസൻസുണ്ടെന്ന ധാരണയിൽ . പിണറായി വിജയനെയും ഉമ്മൻ ചാണ്ടിയെയും തന്നെയും കെ .എം മാണിയെയും, മുസ്ലിം ലീഗിനെയും ഈഴവ സമുദായത്തെയും പറ്റി എന്തെല്ലാം പറഞ്ഞു. കെ .എം മാണിയുടെ തണലിൽ വളർന്ന ശേഷമാണ് അദ്ദേഹത്തെ വേണ്ടാത്തതെല്ലാം പറഞ്ഞത്. പള്ളിയിലെ പുരോഹിതരെയും ചീത്ത പറഞ്ഞു. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയാൽ ബി ജെ പിയുടെ നിലവാരം പോകും.
.കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും .എൻ.കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചത് തെറ്റല്ല. കോൺഗ്രസിന്റെ സമരാഗ്നി ജാഥ രണ്ടു നേതാക്കൾ നയിക്കുന്നത് തമ്മിൽത്തല്ലി രണ്ടായതിന്റെ സൂചനയാണ്. രമേശ് ചെന്നിത്തലയെ കോൺഗ്രസ് ഒതുക്കിയത് ശരിയല്ല. തുഷാർ കോട്ടയത്ത് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന്, തനിക്ക് അതേപ്പറ്റി അറിയില്ലെന്ന് വെള്ളാപ്പളി മറുപടി നൽകി.