ഭാരത് അരി എത്തുന്നതും കാത്ത് റേഷൻകട ഉടമകൾ

Tuesday 13 February 2024 1:42 AM IST

ആലപ്പുഴ: കേന്ദ്രസർക്കാർ കിലോക്ക് 29 രൂപ നിരക്കിൽ പുറത്തിറക്കിയ ഭാരത് അരി റേഷൻ കടകൾ വഴി വിതരണം ചെയ്യുമോ എന്നറിയാനായി കാത്തിരിക്കുകയാണ് റേഷൻ കടകൾ. പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ മാത്രമാണ് ഇപ്പോൾ അരിവില്പനയുള്ളത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക എജൻസി വഴിയാണ് വിതരണം. ഒരാൾക്ക് എത്ര വേണമെങ്കിലും വാങ്ങാൻ കഴിയും. റേഷൻകാർഡിന്റെയോ മറ്റ് രേഖകളുടെയോ ആവശ്യവുമില്ല. വിലക്കയറ്റം രൂക്ഷമായ സംസ്ഥാനത്ത് ഭാരത് അരി ആശ്വാസമാകുമെന്നതിൽ സംശയമില്ല.

റേഷൻ കടകളിലൂടെ ഭാരത് അരി വിതരണം ചെയ്താൽ കരിഞ്ചന്തയിലേക്കുള്ള ഒഴുക്ക് തടയാനാകുമെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും അരി ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്നുമാണ് റേഷൻ വ്യാപാരികൾ പറയുന്നത്.

കാർഡുകൾ 95 ലക്ഷം

പുതുക്കിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 95ലക്ഷം റേഷൻ കാർഡുകളാണുള്ളത്. ഇതിൽ മുഗണനാ വിഭാഗം (എ.എ.വൈ, ബി.പി.എൽ) 41.65ലക്ഷവും മുൻഗണനേതര വിഭാഗം (വെള്ള, നീല) 53.35ലക്ഷവുമാണ്. ആലപ്പുഴ ജില്ലയിൽ 1240 റേഷൻ കടകളാണുള്ളത്. ആറ് ലക്ഷത്തിലധികം കാർഡ് ഉടമകളും.

ഭാരത് അരിയുടെ വിതരണത്തിൽ റേഷൻ കടകളെ നോക്കുകുത്തികളാക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. വൈകാതെ മുൻഗണനേതര കാഡുകൾ ഇല്ലാതാക്കുകയെന്നതാണ് ഭാരത് അരി വിതരണത്തിന്റെ ലക്ഷ്യം. റേഷൻകടകൾ വഴിയുള്ള വിതരണം പദ്ധതിയെ സുതാര്യമാക്കും

എൻ.ഷിജീർ, ജനറൽ സെക്രട്ടറി,

കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.

ജില്ലയിലെ റേഷൻ കടകൾ: 1240

ആകെ കാർഡുകൾ.......... 6,18,764

നോൺ സബ്‌സിഡി.........1,76,003

മഞ്ഞ..................................2,62,242

നീല................................... 1,32,781

ബ്രൗൺ............................ 1027

ഭാരത് അരി

കിലോയ്ക്ക് : ₹29

അളവ്: 5,10 കിലോ ബാഗ്

Advertisement
Advertisement