റേഷൻകടകളിൽ മോദി സെൽഫി പോയിന്റ് നടപ്പാക്കില്ല: മുഖ്യമന്ത്രി

Tuesday 13 February 2024 1:43 AM IST

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകൾക്ക് മുമ്പിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സെൽഫി പോയിന്റുകൾ സ്ഥാപിക്കില്ലെന്ന തീരുമാനം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭാരത് അരിയുടെ വിതരണം സർക്കാരിന് അറിയില്ലെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സപ്ളൈകോയിലൂടെ 25 രൂപയ്‌ക്ക് നൽകാൻ കഴിയുന്ന അരിയാണ് കേന്ദ്രം നേരിട്ട് 29 രൂപയ്‌ക്ക് വിൽക്കുന്നത്. ഫെഡറൽ സംവിധാനത്തിൽ ചെയ്യാൻ പാടില്ലാത്തതാണിത്. പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി പി.ജെ.ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഇ.ചന്ദ്രശേഖരൻ, പി.അബ്ദുൽ ഹമീദ് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.

ബഡ്ജറ്റ് വിഹിതം കുറഞ്ഞോയെന്ന അനൂപ് ജേക്കബിന്റെ ചോദ്യത്തിന്

സപ്ളൈകോയ്‌ക്ക് മുൻവർഷത്തെക്കാൾ 15 കോടി അധികം വകയിരുത്തിയതായി മന്ത്രി മറുപടി നൽകി. റേഷൻ കമ്മിഷൻ കാലോചിതമായി പരിഷ്‌കരിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെ കിറ്റുകളുടെ കമ്മിഷൻ മാത്രമാണ് റേഷൻ വ്യാപാരികൾക്ക് കുടിശികയുള്ളത്.