നയപ്രഖ്യാപനം വായിക്കാതെ ഗവർണർ; വായിച്ച് തമിഴ്നാട് സ്‌പീക്കർ

Tuesday 13 February 2024 4:43 AM IST

ചെന്നൈ: കേരള ഗവർണറുടെ നടപടിയെ അനുകരിക്കും വിധം,​ സർക്കാരുമായി ഉടക്കി നിൽക്കുന്ന തമിഴ്നാട് ഗവർണർ ആർ.എൻ. രവിയും നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ചു. തുടർന്ന് സ്പീക്കർ എം. അപ്പാവു പ്രസംഗം സഭയിൽ വായിക്കുന്ന അസാധാരണ നടപടിയുണ്ടായി.

സവർക്കറുടെയും ഗോഡ്‌സേയുടെയും പാതയിൽ സഞ്ചരിക്കുന്നവരോട് തമിഴ്‌നാട് അസംബ്ലി കീഴ്പ്പെടില്ലെന്ന് ഗവർണറെ ഇരുത്തി അപ്പാവു വിമർശിക്കുകയും ചെയ്തു. പിന്നാലെ ഗവർണർ ഇറങ്ങിപ്പോയി.

സമ്മേളനം തുടങ്ങിയപ്പോൾ ദേശീയഗാനം കേൾപ്പിക്കാത്തതിൽ പ്രതിഷേധിക്കുന്നതായി ഗവർണർ പറഞ്ഞു. പ്രസംഗത്തിന് മുമ്പും ശേഷവും ദേശീയഗാനം കേൾപ്പിക്കാൻ നിർദ്ദേശിച്ചിരുന്നതാണ്. മാത്രമല്ല നയപ്രഖ്യാപനത്തിൽ വസ്തുതാപരവും ധാർമികവുമായ തെറ്റുകളുണ്ടെന്നും ഗവർണർ പറഞ്ഞു. പ്രസംഗം വായിച്ചാൽ അത് ഭരണഘടനയെ അപഹസിക്കുന്നതിന് തുല്യമാവും. തുടർന്ന് പ്രസംഗത്തിന്റെ ആദ്യ ഭാഗത്തുണ്ടായിരുന്ന തിരുവള്ളുവർ കവിതയുടെ വരികൾ മാത്രം വായിച്ച് നിറുത്തി. ജനങ്ങളുടെ നന്മക്കായി സഭയിൽ ക്രിയാത്മക ചർച്ച ഉണ്ടാകട്ടെ എന്നും പറഞ്ഞു.

പിന്നാലെ നയപ്രഖ്യാപനത്തിന്റെ തമിഴ് പരിഭാഷ സഭയിൽ വായിച്ച സ്പീക്കർ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചാണ് തുടങ്ങിയത്. സഭയിൽ തുടക്കത്തിൽ തമിഴ്‌തായ് വാഴ്ത്തും പിരിയുമ്പോൾ ദേശീയഗാനവുമാണ് രീതിയെന്ന് ഗവർണറെ ഓർമ്മിപ്പിക്കുകയും ചെയ്തു.

ഗവർണർ രവിയെ സ്പീക്കർ ഗോഡ്‌സേയുടെ അനുയായിയെന്ന് വിളിച്ചെന്ന് രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം ഒരുമിനിട്ട് മാത്രം വായിച്ച് നിറുത്തി വിവാദം സൃഷ്ടിച്ചിരുന്നു.