കർഷക സമരം ഇന്ന്: രാത്രിയും തുടർന്ന് അനുനയ ചർച്ച

Tuesday 13 February 2024 12:51 AM IST

ന്യൂഡൽഹി : കർഷകർ ഡൽഹി ചലോ പ്രക്ഷോഭം ഇന്ന് പ്രഖ്യാപിച്ചിരിക്കെ വൻ സുരക്ഷാ സന്നാഹത്തിൽ ഡൽഹി. മാർച്ച് 12 വരെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർഷക നേതാക്കളെ അനുനയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം രാത്രിയിലും തുടർന്നു.

കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, അർജുൻ മുണ്ട എന്നിവരടങ്ങിയ സംഘം ചണ്ഡിഗഢിൽ നടത്തുന്ന രണ്ടാം റൗണ്ട് ചർച്ചയാണിത്.

ഫെബ്രുവരി എട്ടിലെ ചർച്ച പരാജയപ്പെട്ടിരുന്നു. സംയുക്ത കിസാൻ മോർച്ച , കിസാൻ മസ്ദൂർ മോർച്ച സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം, എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ സമര രംഗത്തുള്ളത്. സമരക്കാരെ നിരീക്ഷിക്കാൻ ഡൽഹി പൊലീസ് ഡ്രോണുകളും സജ്ജമാക്കിയിട്ടുണ്ട്. ഹരിയാന അംബാലയിലെ അതിർത്തിക്ക് സമീപം ഇതിന്റെ പരീക്ഷണവും നടത്തി.

കടുത്ത നടപടികൾ സ്റ്റേ ചെയ്യണം

സമരത്തെ നേരിടാൻ ഇന്റർനെറ്റ് നിരോധനം, റോഡുകൾ അടയ്ക്കൽ തുടങ്ങിയ കടുത്ത നടപടികളെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരിയാന - പഞ്ചാബ് ഹൈക്കോടതിയിൽ ചണ്ഡിഗറിലെ അഭിഭാഷകനായ ഉദയ് പ്രതാപ് സിംഗ് ഹർജി സമർപ്പിച്ചു. കേന്ദ്രസർക്കാരും ഹരിയാന - പഞ്ചാബ് സർക്കാരുകളും അടക്കമാണ് എതിർകക്ഷികൾ. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര തുടങ്ങി ഏഴ് ജില്ലകളിൽ ഇന്റർനെറ്റും കൂട്ട എസ്.എം.എസും ഇന്ന് അർദ്ധരാത്രി വരെ നിരോധിച്ചത് ഹർജിയിൽ ചോദ്യം ചെയ്യുന്നു.

Advertisement
Advertisement