കനത്ത ജാഗ്രതയിൽ രാജ്യതലസ്ഥാനം; കർഷകർ ഡൽഹിയിലേക്ക്, അതിർത്തികളിൽ വിന്യസിച്ചിരിക്കുന്നത് നൂറ് കണക്കിന് പൊലീസുകാരെ

Tuesday 13 February 2024 10:33 AM IST

ന്യൂഡൽഹി : കനത്ത ജാഗ്രതയിൽ രാജ്യതലസ്ഥാനം. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടു. കർഷകർ‌ ഡൽഹിയിലെത്താതിരിക്കാൻ നൂറ് കണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.


തിക്രി, സിംഘു, ഗാസിപൂർ, നോയിഡ അതിർത്തികളിൽ റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. കർഷക മാർച്ച് തടയണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ സുരക്ഷാ നടപടികൾ അതിരുകടക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി. ഹരിയാനയിൽ നിന്നും ഡൽഹിയിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിമർശിച്ചു.

ഇന്നലെ അർദ്ധരാത്രി കേന്ദ്രമന്ത്രി അർജുൻ മുണ്ടയുമായി കർഷക നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രത്യേക കമ്മിറ്റി രൂപീകരിച്ച് കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹാരം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ മന്ത്രിയുടെ ഉറപ്പിന് വ്യക്തതയില്ലെന്നും സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ഡൽഹി - ഉത്തർപ്രദേശ് അതിർത്തിയിലും സമീപമേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടംകൂടുന്നതും, ട്രാക്ടറുകളും സമരക്കാരുടെ വാഹനങ്ങളും വിലക്കി. ആയുധങ്ങളും വടികളും നിരോധിച്ചു. സാമൂഹ്യവിരുദ്ധർ മാർച്ചിൽ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയെക്കൂടാതെ അയൽസംസ്ഥാനങ്ങളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

താങ്ങുവില നിയമപരമാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി ഇരുപതിനായിരം കർഷകരെങ്കിലും ഡൽഹിയിൽ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൂടാതെ കാറിലും ബൈക്കിലും ബസിലും മെട്രോ ട്രെയിനുകളിലും എത്തിയേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി,​ ആഭ്യന്തര മന്ത്രി അമിത് ഷാ,​ കൃഷി മന്ത്രി അർജുൻ മുണ്ട എന്നിവരുടെയും സീനിയർ ബി.ജെ.പി നേതാക്കളുടെയും വസതികൾ കർഷകർ വളയാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങി ഇരുനൂറോളം കർഷക സംഘടനകളാണ് സമരത്തിന് പിന്നിൽ.

പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം അന്ന് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവർ കർഷക നേതാക്കളുമായി ചണ്ഡിഗറിൽ ഈ മാസം എട്ടിനും ചർച്ച നടത്തിയിരുന്നു.

അതേസമയം, സമരം ചെയ്യുന്ന കർഷകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി ബാർ അസോസിയേഷൻ കത്ത് നൽകിയിട്ടുണ്ട്. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Advertisement
Advertisement