ഭൂജലവിതാനം താഴേക്ക്, കുടിവെള്ളം മുട്ടും ആറ് താലൂക്കുകളിൽ സ്ഥിതി ഗുരുതരം

Wednesday 14 February 2024 12:59 AM IST

തിരുവനന്തപുരം: ആറു താലൂക്കുകളിൽ ഭൂഗർഭ ജലവിതാനം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തൽ. കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വർക്കല,​ അതിയന്നൂർ,​ ചിറയിൻകീഴ്,​ പാറശാല,​ നെടുമങ്ങാട്, പോത്തൻകോട് എന്നീ താലൂക്കുകളിലെ ഗുരുതര സ്ഥിതി വെളിവായത്.

അതീവ ഗുരുതരം, ഭാഗിക ഗുരുതരം, സുരക്ഷിതം എന്നിങ്ങനെ മൂന്നായി തരം തിരിച്ചപ്പോൾ ഭാഗിക ഗുരുതര വിഭാഗത്തിലാണ് ഈ താലൂക്കുകൾ ഉൾപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ 70നും 90 ശതമാനത്തിനിടയിലാണ് ഭൂഗർഭ ജലത്തിന്റെ ഉപഭോഗം. 70 ശതമാനത്തിനു താഴെയാണെങ്കിൽ സുരക്ഷിത വിഭാഗത്തിലും 90- 100 ശതമാനത്തിനു ഇടയിലാണെങ്കിൽ അതീവ ഗുരുതര വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.

വർക്കല ഒഴികെയുള്ള മറ്റു അഞ്ചു താലൂക്കുകളും 2022 മുതൽ ഭാഗിക ഗുരുതര വിഭാഗത്തിലാണ്. ഇവിടങ്ങളിൽ ഭൂജലവിതാനത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ഭൂജല വകുപ്പ് നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇവിടങ്ങളിൽ ജലസേചനം,​ വ്യാവസായിക, ആഭ്യന്തര ആവശ്യങ്ങൾക്കായാണ് ഭൂഗർഭ ജലം ഉപയോഗിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഭൂജലത്തിന്റെ അളവ് അഞ്ചുവർഷത്തേക്കാൾ താഴ്ന്നതായും റിപ്പോർട്ടിൽ പറയുന്നു.

പരിഹാരം ഭൂജല റീച്ചാർജിംഗ്

സ്ഥിതി ഗുരുതരമായ താലൂക്കുകളിലെ കുളങ്ങളിലും ജലസ്രോതസുകളിലും സർവേ നടത്താൻ ജില്ലാ ഭൂജല വകുപ്പ് തീരുമാനിച്ചു. ഭൂജലം റീച്ചാർജ് ചെയ്യാൻ ജല ബഡ്ജറ്റ് തയ്യാറാക്കി പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഭൂജലത്തിന്റെ അമിത ചൂഷണം തടയാൻ പൊതുജനങ്ങളെ ബോധവത്കരിക്കും.

കാരണങ്ങൾ
 അമിതമായ ജലചൂഷണം

 ഉയർന്ന ജലഉപഭോഗം

 മഴ കുറഞ്ഞത്

ഭൂജലവിതാനം

താലൂക്ക്, അളവ്,​ ഉപയോഗിച്ചത് (മില്യൺ ക്യുബിക് മീറ്ററിൽ)​

വർക്കല: 1,248.11,​ 1,432.25
അതിയന്നൂർ: 1,148.11,​ 1,332.25
പോത്തൻകോട്: 1,247.59,​ 1,439.34

ചിറയിൻകീഴ്: 1,311.35,​ 1,605.99
നെടുമങ്ങാട്: 1,607.20,​ 1,990.80
പാറശാല: 1,249.23,​ 1,563.02

Advertisement
Advertisement