മൂന്ന് മക്കളെ കൊണ്ട് 45 ദിവസത്തിൽ സമ്പാദിച്ചത് രണ്ടര ലക്ഷം, ഭർത്താവിന് ഒരു ലക്ഷത്തിന്റെ ബൈക്ക് സമ്മാനം, 40കാരി പിടിയിൽ

Wednesday 14 February 2024 11:26 AM IST

ഇൻഡോർ: സ്വന്തം മക്കളെ തെരുവിൽ ഭിക്ഷാടനത്തിന് പറഞ്ഞയച്ച് വെറും 45 ദിവസം കൊണ്ട് യുവതി സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇന്ദ്രാ ഭായിയെന്ന യുവതിയാണ് എട്ട് വയസുളള മകളെയും ഒമ്പതും പത്തും വയസുളള ആൺമക്കളെയും ഭിക്ഷാടനത്തിനായി പറഞ്ഞയച്ചത്. നഗരത്തിൽ ഭിക്ഷാടനം നടത്തി ജീവിക്കുന്ന 150 പേരിലൊരാളാണ് യുവതി. ഇവർക്ക് രാജസ്ഥാനിൽ സ്വന്തമായി ഭൂമിയും രണ്ട് നില വീടും ഉണ്ടെന്നാണ് വിവരം.

ഇൻഡോറിനെ ഭിക്ഷാടന മുക്ത നഗരമാക്കുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയായ പ്രവേശിലെ പ്രവർത്തകരാണ് സംഭവം പുറത്തുകൊണ്ടുവന്നത്, പ്രവർത്തകർ ഇന്ദ്രാഭായിയെ ലവ്കുഷ് പ്രദേശത്തുവച്ചാണ് പിടികൂടിയത്. യുവതിയുടെ കൈവശം 19,200 രൂപയുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയപ്പോഴാണ് പ്രവർത്തകർ ഇന്ദ്രാഭായിയെ ചോദ്യം ചെയ്യാൻ തുടങ്ങിയതെന്ന് പ്രവേശിന്റെ പ്രസിഡന്റ് രുപാലി ജയിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതിയോടൊപ്പമുണ്ടായിരുന്ന രണ്ട് ആൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. പെൺകുഞ്ഞിനെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാ​റ്റിയിട്ടുണ്ടെന്നും രൂപാലി കൂട്ടിച്ചേർത്തു.

പ്രവർത്തകർ യുവതിയെ പൊലീസിൽ ഏൽപ്പിച്ചു. മക്കളെ ഭിക്ഷാടനത്തിനയച്ച് രണ്ടരലക്ഷം രൂപ സമ്പാദിച്ചതായി ഇവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്, അതിൽ ഒരു ലക്ഷം രൂപ ഭർത്താവിന് ബൈക്ക് വാങ്ങുന്നതിനായി അയച്ചുകൊടുത്തുവെന്നും ബാക്കി തുക രാജസ്ഥാനിലുളള ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇന്ദ്രാഭായി നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഭിക്ഷാടന മുക്തമാക്കുന്നതിന്റെ ഭാഗമായി ഇൻഡോർ ഉൾപ്പടെയുളള പത്തോളം നഗരങ്ങളിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിനകം തന്നെ ഭിക്ഷാടനത്തിലേർപ്പെട്ടിരുന്ന പത്ത് കുട്ടികളെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയതായി ജില്ലാ മജിസ്ട്രേറ്റ് ആഷിഷ് സിംഗ് അറിയിച്ചു. കുട്ടികളെയുപയോഗിച്ച് ഭിക്ഷാടനം നടത്തിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.