ചർച്ചയ്ക്കു പോകും മുമ്പ് ഗൃഹപാഠം ചെയ്യണം

Thursday 15 February 2024 12:13 AM IST

മുഖ്യമന്ത്രി പിണറായി വിജയന്റെ നേൃതൃത്വത്തിൽ ഇക്കഴിഞ്ഞ എട്ടാം തീയതി ഡൽഹിയിൽ നടന്ന സമരം ഫലം കണ്ടു തുടങ്ങിയതിന്റെ സൂചനയാണ് ഇന്ന് കേരളവും കേന്ദ്രവും തമ്മിൽ ഡൽഹിയിൽ നടക്കാൻ പോകുന്ന ചർച്ച. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയെ കൂടാതെ ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവരുമുണ്ടാകും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചയിൽ പങ്കെടുക്കുമോ എന്ന് അറിവായിട്ടില്ല. കേന്ദ്രത്തെ പ്രതിനിധീകരിച്ച് ധനവകുപ്പിലെ ഉന്നതർ ഉണ്ടാകുമെന്ന് തീർച്ച. പരമോന്നത നീതിപീഠത്തിന്റെ ഇടപെടലാണ് ഇത്തരത്തിലൊരു ചർച്ചയ്ക്ക് വഴിതെളിച്ചത്.

കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിനു പ്രധാന കാരണം കേന്ദ്രത്തിന്റെ നിയന്ത്രണങ്ങളാണെന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത്. പൊതുകടമെടുപ്പിനു കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണം സംസ്ഥാനത്തിന്റെ സാമ്പത്തികനിലയ്ക്ക് കനത്ത തിരിച്ചടിയാണ്. അതുപോലെ കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയതും വിനയായി. പുതുതായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ സംസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ സാമ്പത്തിക ഞെരുക്കത്തിലാക്കി. എല്ലാ മേഖലകളിലും വൻ കുടിശികയ്ക്കും ഇതു വഴിവച്ചു. സർക്കാരിന്റെ ഒട്ടേറെ ജനക്ഷേമ പദ്ധതികളെ സാമ്പത്തിക ഞെരുക്കം ബാധിച്ചിട്ടുണ്ട്. ഫെഡറലിസത്തിന് നിരക്കാത്ത കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെയാണ്, സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ധനവകുപ്പുകൾ തമ്മിൽ ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിച്ചുകൂടേ എന്ന ചോദ്യം നീതിപീഠത്തിൽ നിന്ന് ഉയർന്നത്.

സാമ്പത്തിക പ്രതിസന്ധി ആയുധമായെടുക്കാതെ സഹകരണത്തിന്റെയും വിവേകത്തിന്റെയും പാത തെരഞ്ഞെടുത്തതിന് ഇരു ഭാഗക്കാരും അഭിനന്ദനമർഹിക്കുന്നു. സംസ്ഥാനത്തിനുള്ള വിഹിതത്തിൽ കുറവൊന്നും വരുത്തിയിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. എന്നാൽ വായ്പാ പരിധി ഗണ്യമായി വെട്ടിക്കുറയ്ക്കുക മാത്രമല്ല, അർഹമായ പലതും നിറുത്തലാക്കുക കൂടി ചെയ്തെന്നാണ് കേന്ദ്രത്തിനെതിരെ സംസ്ഥാനത്തിന്റെ ആക്ഷേപം. വായ്പാ പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനുള്ള മറുപടിയിൽ, ഫണ്ട് നൽകാത്തതല്ല; ധനകാര്യ മാനേജ്‌മെന്റിൽ കേരളത്തിനുള്ള പിടിപ്പുകേടാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് കേന്ദ്രം കോടതിയിൽ ബോധിപ്പിച്ചത്. ഈ തർക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല രംഗങ്ങളിലും കേരളം നേടിയ പുരോഗതി വിലയിരുത്തി പ്രസ്തുത മേഖലകൾക്കുള്ള കേന്ദ്ര സഹായം നിറുത്തലാക്കുകയോ വൻതോതിൽ കുറവു വരുത്തുകയോ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങൾ ഫലത്തിൽ നേരിട്ടു ബാധിക്കുന്നത് ജനങ്ങളെയാണെന്ന യാഥാർത്ഥ്യം മറക്കരുത്. സാമ്പത്തികമായി ബുദ്ധിമുട്ടിലാകുന്ന സംസ്ഥാനങ്ങളുടെ രക്ഷയ്ക്ക് എത്തേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണ്. ഈ വസ്തുത മനസ്സിൽ വച്ചുകൊണ്ടാകണം ഇന്നത്തെ ഉഭയചർച്ചയ്ക്ക് കേന്ദ്ര ധനവകുപ്പ് മുന്നോട്ടു വരാൻ. അതുപോലെ സംസ്ഥാനത്തിന്റെ ഭാഗം സ്പഷ്ടമായി ബോദ്ധ്യപ്പെടുത്താൻ വേണ്ട ഗൃഹപാഠങ്ങൾ കേരളവും മുൻകൂർ ചെയ്തുതീർക്കണം. തർക്കങ്ങളും വിവാദങ്ങളും തുടരുന്നതുകൊണ്ട് സംസ്ഥാനത്തിന് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ല. ചർച്ചയുടെ ഫലമറിയാൻ സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം സുപ്രീംകോടതിയും കാത്തിരിക്കുകയാണ്. ഈ വരുന്ന 19-ന് ഹർജി കോടതിയുടെ പരിഗണനയ്ക്കുവരും. അതിനുമുൻപ് ക്രിയാത്മകമായ തീരുമാനം ഉണ്ടായാൽ അതിന്റെ ഗുണം സംസ്ഥാനത്തിനും ജനങ്ങൾക്കുമാണ്.

Advertisement
Advertisement