ബാരിക്കേഡുകൾ വകഞ്ഞു മാറ്റാൻ പടച്ചട്ടയും സന്നാഹങ്ങളുമായി സമരക്കാർ

Thursday 15 February 2024 11:59 PM IST

ന്യൂഡൽഹി: കണ്ണീർവാതകത്തെ പ്രതിരോധിക്കുന്ന അത്യാധുനിക കണ്ണട, ഗ്യാസ് മാസ്ക്, റബൽ ബുള്ളറ്റിനെ നേരിടാൻ തക്ക പടച്ചട്ട. ഹരിയാന-പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിലെ കാഴ്ചകളാണിത്. മലനിരകളിൽ ട്രക്കിംഗിന് പോകുന്നവർ ഉപയോഗിക്കുന്ന തരത്തിലുള്ള കണ്ണട പലരും വച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് കവചങ്ങളും സമരക്കാരുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റു കർഷകർ കൗതുകത്തോടെയാണ് ഇവരെ വീക്ഷിച്ചത്. ഇത്തരത്തിൽ ഒട്ടേറെ പേർ സമരമുഖത്തുണ്ട്. കർഷക നേതാക്കളുടെ ഭാഗത്തു നിന്ന് സന്ദേശം ലഭിച്ചാലുടൻ കണ്ണീർവാതകത്തെയും റബർ ബുള്ളറ്റുകളെയും ഭേദിച്ച് പൊലീസ് ബാരിക്കേഡുകളും തകർത്ത് മുന്നോട്ടു പോകാനാണ് സമരക്കാരുടെ ഇത്തരം സന്നാഹങ്ങൾ. ഇതിനിടെ, തങ്ങളുടെ അതിർത്തിയിലേക്ക് കടന്നു കയറി ഡ്രോണുകൾ ഉപയോഗിക്കുന്നതിൽ ഹരിയാന പൊലീസിനെ പഞ്ചാബ് എതിർപ്പ് അറിയിച്ചു.

 ഹരിയാനയിലെ നേതാക്കൾ ഇന്ന് യോഗം ചേരും

മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമ്മാണം, എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കൽ, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതിതള്ളൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷകരുടെ സമരം. ഹരിയാനയിലെ കർഷക നേതാക്കൾ ഇന്ന് യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകും. ഗുർനാം സിംഗ് സിംഗ് ചരുനിയുടെ നേതൃത്വത്തിലായിരിക്കും ചർച്ചകൾ. എന്നാൽ, മിനിമം താങ്ങുവില വിഷയത്തിൽ തങ്ങളുടെ ഭരണക്കാലത്ത് കോൺഗ്രസ് എന്തുകൊണ്ടാണ് ഒന്നും ചെയ്യാത്തതെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് ചോദിച്ചു. 2004ലെ റിപ്പോർട്ടിൽ 2014 വരെ കോൺഗ്രസ് അനങ്ങിയില്ലെന്നും കുറ്റപ്പെടുത്തി. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര തുടങ്ങി ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് നിരോധനം ഇന്ന് അർദ്ധരാത്രി വരെ നീട്ടി. ബവാന സ്റ്റേഡിയം താത്കാലിക ജയിലാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ തളളി.

 ഹരിയാന - പഞ്ചാബ് ഹൈക്കോടതി നിലപാട് നിർണായകം

പൊലീസ് സന്നാഹങ്ങൾക്കെതിരെ ചണ്ഡിഗറിലെ അഭിഭാഷകനായ ഉദയ് പ്രതാപ് സിംഗ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കുമ്പോൾ ഹരിയാന - പഞ്ചാബ് ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. കേന്ദ്രസർക്കാരിനും, ഹരിയാന - പഞ്ചാബ് - ഡൽഹി സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചിരുന്നു. അതേസമയം, പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കർഷകർക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീംകോടതി ബാർ അസോസിയേഷൻ നിലപാടിനെ അപലപിച്ച് ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ രംഗത്തെത്തി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് അയച്ച കത്ത് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

 ചികിത്സാ ചെലവ് പഞ്ചാബ് വഹിക്കും

പഞ്ചാബ് - ഹരിയാന അതിർത്തിയിലെ പൊലീസ് നടപടിക്കിടെ പരിക്കേറ്റ കർഷകരുടെ ചികിത്സാ ചെലവ് പഞ്ചാബ് സർക്കാർ വഹിക്കും. ഇന്നലെ പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് പട്യാലയിലെ ആശുപത്രിയിലെത്തി പരിക്കേറ്റ സമരക്കാരെ സന്ദർശിച്ചു.

Advertisement
Advertisement