സമരത്തിൽ ഇന്നലെയും സംഘർഷം, പഞ്ചാബിൽ ഇന്ന് കർഷകർ ട്രെയിൻ തടയും

Thursday 15 February 2024 4:55 AM IST

 അനുനയ ചർച്ച തുടരുന്നു

ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷകരുടെ ഡൽഹി ചലോ പ്രക്ഷോഭത്തിൽ ഇന്നലെയും സംഘർഷം. സമരത്തിന്റെ ഭാഗമായി പഞ്ചാബിലെ വിവിധ സ്റ്റേഷനുകളിൽ ഇന്ന് ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് നാലു വരെ ട്രെയിൻ തടയും. ഭാരതീയ കിസാൻ യൂണിയൻ ഏക്താ ഉഗ്രഹാന്റെ നേതൃത്വത്തിലാണ് സമരം.

കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവരുമായി കർഷക നേതാക്കൾ ഇന്നലെ ഓൺലൈനിൽ നടത്തിയ മൂന്നാം റൗണ്ട് ചർച്ചയിലും തീരുമാനമായില്ല. സമരത്തെ പൊലീസ് നേരിടുന്ന രീതിയിലും കർഷക നേതാവ് അക്ഷയ് നർവാളടക്കമുള്ളവരുടെ അറസ്റ്റിലും നേതാക്കൾ പ്രതിഷേധമറിയിച്ചു. ചർച്ച ഇന്നും തുടരും. പൊലീസ് സന്നാഹങ്ങൾക്കെതിരായ പൊതുതാത്പര്യഹർജി ഹരിയാന - പഞ്ചാബ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പഞ്ചാബിലെ കർഷകർക്ക് ഇന്നലെയും ഹരിയാനയിലേക്ക് കടക്കാനായില്ല. രണ്ടുദിവസമായി ഹരിയാന-പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിൽ ട്രാക്ടറുകളും ട്രോളികളും കിലോമീറ്ററുകളോളം കിടക്കുകയാണ്. രാവിലെ നൂറുകണക്കിന് കർഷകർ ബാരിക്കേഡുകൾക്കു സമീപം നീങ്ങിയപ്പോൾത്തന്നെ ഹരിയാന പൊലീസ് പലവട്ടം കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ 56 പേർ പട്യാല ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് കർഷക നേതാവ് കെ.വി. ബിജു അറിയിച്ചു. 40 പേരെ കസ്റ്രഡിയിലെടുത്തു.