കേജ്‌രിവാളിന് 6-ാം ഇ.ഡി സമൻസ്; 19ന് ഹാജരാകണം
Thursday 15 February 2024 1:29 AM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇ.ഡിയുടെ ആറാമത്തെ സമൻസ്. ഫെബ്രുവരി 19ന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അഞ്ച് സമൻസ് അയച്ചിട്ടും കേജ്‌രിവാൾ ഹാജരാകുന്നില്ലെന്ന ഇ.ഡിയുടെ ഹർജി ഡൽഹി റോസ് അവന്യു കോടതി ഈ മാസം 17ന് പരിഗണിക്കാനിരിക്കെയാണ് പുതിയ സമൻസ് നൽകിയത്. 17ന് കേജ്‌രിവാൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശമുണ്ട്. രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് സമൻസുകളും കേജ്‌രിവാൾ നിരസിച്ചത്.