ബേപ്പൂർ മിനി സ്റ്റേഡിയത്തിനരികിൽ ഹരിതകർമ്മ സേനയുടെ മാലിന്യ ചാക്കുകൾ :  മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്തു

Friday 16 February 2024 1:09 PM IST

കോഴിക്കോട് : ബേപ്പൂർ ബി.സി. റോഡിലെ മിനി സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് അരികെ മാലിന്യങ്ങൾ തള്ളിയത് കാരണം ജനജീവിതം ദുസഹമായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. വീടുകളിലും സ്ഥാപനങ്ങളിലും നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളും ജൈവമാലിന്യവും അടങ്ങുന്ന നൂറു കണക്കിന് പ്ലാസ്റ്റിക്ക് ചാക്കുകളാണ് സ്റ്റേഡിയത്തിനരികിൽ കൂട്ടിയിട്ടിരിക്കുന്നത്. കുട്ടികൾ കായിക പരിശീലനത്തിനെത്തുന്ന സ്ഥലമാണ് ഇത്. കഴിഞ്ഞ ദിവസം കേരള കൗമുദി പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു.

ഇവിടെ ഉപേക്ഷിക്കപ്പെട്ട ചാക്കുകൾ തെരുവുനായ്ക്കൾ കടിച്ചുകീറി പരിസരമാകെ വൃത്തിഹീനമാക്കുന്നുണ്ട്. ദുർഗന്ധം കാരണം മൂക്കു പൊത്താനാവാതെ നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കുട്ടികൾ പ്രധാനകവാടം ഉപേക്ഷിച്ച് മറ്റൊരു വാതിലിലൂടെയാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത്. സ്റ്റേഡിയം നവീകരിക്കാൻ സർക്കാർ നടപടിയെടുക്കുമ്പോഴാണ് മാലിന്യം തള്ളിയത്. ഒരു മാസം മുമ്പ് സമീപത്തെ ഓടകളിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു.

മാർച്ചിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കേരള കൗമുദി പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

Advertisement
Advertisement