'അശ്ലീലം', കോളേജിലെ സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ല; പ്രതിഷേധവുമായി എ ബി വി പി, വിഗ്രഹം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി
അഗർത്തല: സരസ്വതി ദേവിയെ തെറ്റായി ചിത്രീകരിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും (എ ബി വി പി) ബജ്റംഗ്ദളും. ത്രിപുരയിലെ സർക്കാർ കോളേജിൽ നടന്ന സരസ്വതി പൂജയുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരി ധരിപ്പിക്കാത്തതായിരുന്നു വിവാദത്തിന് കാരണം.
വിഗ്രഹത്തെ പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ സാരി ധരിപ്പിക്കാത്തത് 'അശ്ലീലത'യാണെന്ന് വിമർശിച്ചുകൊണ്ട് എ ബി വി പി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. ത്രിപുരയിലെ എബിവിപി യൂണിറ്റ് ജനറൽ സെക്രട്ടറി ദിബാകർ ആചാര്യയയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടർന്ന് ബജ്റംഗ്ദൾ പ്രവർത്തകരും പിന്തുണയുമായെത്തി.
'നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഇന്ന് ബസന്ത് പഞ്ചമിയാണ്. രാജ്യമെമ്പാടും സരസ്വതി ദേവിയെ ആരാധിക്കുന്നു. സർക്കാർ ആർട്ട് ആൻഡ് ക്രാഫ്റ്റ് കോളേജിൽ സരസ്വതി ദേവിയുടെ വിഗ്രഹം അശ്ലീലമായ രീതിയിൽ പ്രദർശിപ്പിച്ചതായി രാവിലെ തന്നെ ഞങ്ങൾക്കെല്ലാം വിവരം ലഭിച്ചു.'- ദിബാകർ ആചാര്യ പറഞ്ഞു.
വിഗ്രഹത്തിൽ സാരി ധരിപ്പിക്കണമെന്നും പ്രതിഷേധക്കാർ വാശിപിടിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മണിക് സാഹ ഇടപെടണമെന്നും കോളേജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എ ബി വി പി ആവശ്യപ്പെട്ടു.
മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഹിന്ദു ക്ഷേത്രങ്ങളിൽ കാണുന്ന പരമ്പരാഗത വിഗ്രഹങ്ങളുടെ മാതൃകയിലാണ് ശിൽപമെന്നുമാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. വിവാദമായതോടെ വിഗ്രഹം പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടി. അതേസമയം, ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.