പൊന്മുടിയിൽ നിന്ന് പുതിയ മുളവാലൻ തുമ്പിയെ കണ്ടെത്തി

Friday 16 February 2024 12:38 AM IST

തൃശൂർ: പശ്ചിമഘട്ടത്തിന്റെ തെക്കെയറ്റത്തുള്ള പൊന്മുടിയിൽ നിന്ന് പുതിയൊരു തുമ്പിയിനത്തെ കണ്ടെത്തി ഗവേഷകർ. പാറമുത്തൻ മുളവാലൻ എന്ന് പേരിട്ടു. പഠനഫലങ്ങൾ 'ഇന്റർനാഷണൽ ജേർണൽ ഒഫ് ഓഡോണേറ്റോളജി' എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു. പൊന്മുടിയിൽ നിന്ന് ലഭിക്കുന്ന മൂന്നാമത്തെ തുമ്പിയിനമാണിത്.

പാറകളിലൂടെ ഒഴുകുന്ന ചെറു അരുവികളിൽ മുട്ടയിടുന്നത്. ഇതേ അർത്ഥം വരുന്ന ഫൈലോന്യൂറ റൂപെസ്റ്റ്രിസ് എന്നാണ് ശാസ്ത്രനാമം. ഈ തുമ്പിയെ കണ്ടെത്തുന്നതുവരെ ചതുപ്പ് മുളവാലൻ എന്നയിനം തുമ്പി മാത്രമേ ഈ ജനുസിലുള്ളതായി അറിയുമായിരുന്നുള്ളൂ.

എ. വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ് (ഇരുവരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷകർ), റെജി ചന്ദ്രൻ (സൊസൈറ്റി ഫൊർ ഓഡോണേറ്റ് സ്റ്റഡീസ്), സുരാജ് പാലോട് (ഷോല നേച്ചർ സൊസൈറ്റി), ഡോ. പങ്കജ് കൊപാർഡെ (എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റി, പൂനെ) എന്നിവരാണ് കണ്ടെത്തിയത്.

അഗസ്ത്യമല വനത്തിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന അരുവികളിൽ പലയിടങ്ങളിലും പാറമുത്തൻ മുളവാലൻ ഉണ്ടാകാനിടയുള്ളതായി ഗവേഷകർ പറഞ്ഞു. മറ്റെവിടെയും കാണാനിടയില്ല.

പൊന്മുടിയിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്ക് ഈ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കി കൊടുക്കണം.
- വിവേക് ചന്ദ്രൻ, ഗവേഷകൻ

Advertisement
Advertisement