ഇന്ത്യ സഖ്യത്തിന് തിരിച്ചടി തുടരുന്നു, ജമ്മു കാശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ്

Thursday 15 February 2024 6:52 PM IST

ശ്രീനഗർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. ആം ആദ്മി പാർട്ടിക്കം തൃണമൂൽ കോൺഗ്രസിനും പിന്നാലെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനവുമായി നാഷണൽ കോൺഫറൻസും രംഗത്തെത്തി. ജമ്മു കാശ്മീരിൽ തന്റെ പാർട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അഞ്ചു സീറ്റിലും പാ‌ർട്ടി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. . മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു സഖ്യവുമില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

സീറ്റ് വിഭജനം വൈകുന്നതിൽ ഫാറൂഖ് അബ്ദുള്ള നേരത്തെ തന്നെ ഇന്ത്യ സഖ്യത്തെ അതൃപ്ടി അറിയിച്ചിരുന്നു. വേഗത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയില്ലെങ്കിൽ അത് സഖ്യത്തിന്റെ വിജയസാദ്ധ്യതയെയും കെട്ടുറപ്പിനെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം ഫാറൂഖ് അബ്ദുള്ള വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഫാറൂഖ് എൻ.ഡി.എയിലേക്ക് മടങ്ങാനും സാദ്ധ്യതയുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം ജമ്മു മേഖലയിലെ നാഷണൽ കോൺഫറൻസിന്റെ പ്രമുഖ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും നാഷണൽ കോൺഫറൻസും മൂന്ന് സീറ്റുകൾ വീതം നേടിയിരുന്നു. അതേസമയം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് വൻ തിരിച്ചടിയാണ് ഫാറൂഖിന്റെ തീരുമാനം.