ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിന്: വേളാപുരത്തിനും വേണം അണ്ടർപാസേജ്

Thursday 15 February 2024 10:41 PM IST

ഒപ്പുശേഖരണം തുടങ്ങി

പാപ്പിനിശേരി: ദേശീയപാതയുടെ ഇരുവശത്തുമായി ആയിരക്കണക്കിനാളുകൾ താമസിക്കുന്ന വേളാപുരത്ത് അണ്ടർപാസേജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി. അരോളി, മാങ്കടവ് ,ധർമ്മശാല വഴി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന പ്രധാന റോഡ് കടന്നുപോകുന്നത് ഈ ജംഗ്ഷൻ വഴിയാണെന്ന പ്രത്യേക കൂടി കണക്കിലെടുത്ത് അടിയന്തിര ഇടപെടലാണ് നാട്ടുകാർ തേടുന്നത്.

കെ.എസ്.ആർ.ടി.സി ഉൾപ്പെടെ 15 ഓളം ബസ്സുകൾ ഈ റോഡിലൂടെ സർവ്വീസ് നടത്തുന്നു. അരോളി, കാട്യം മാങ്കടവ്, കല്ലൂരി എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കണ്ണൂരിലേക്കുംപറശ്ശിനിക്കടവിലേക്കും പോകാനുള്ള ആശ്രയവും ഈ റോഡാണ്.
ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളും പ്രൈമറി വിദ്യാലയങ്ങളിലേക്കും ഇതുവഴിയാണ് പോകേണ്ടത്.പാപ്പിനിശ്ശേരി വില്ലേജ് ഓഫീസിൽ എത്തിച്ചേരുന്നതിനും ഭൂരിഭാഗമാളുകളും ഈ റോഡാണ് ഉപയോഗിക്കുന്നത്.നിരവധി സാംസ്‌കാരിക സ്ഥാപനങ്ങൾ, ആരാധനലായങ്ങൾ, ചികിത്സാ കേന്ദ്രങ്ങൾ, ശ്മശാനങ്ങൾ എന്നിവയെല്ലാം റോഡിന് സമീപത്താണ്.വേളാപുരം പാലത്തിന് പടിഞ്ഞാറ് വശത്തുള്ള ബഡ്സ് സ്‌കൂൾ, പഞ്ചായത്ത് മൈതാനം. എൽ.പി സ്‌കൂൾ, മറ്റ് സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനവാസ കേന്ദ്രങ്ങൾ എന്നിവയിലേക്ക് എത്തിച്ചേരുന്ന റോഡുകളും ഇതിനോട് ചേർന്നാണുള്ളത്.


ദേശീയ പാത പണി പൂർത്തിയാകുന്നതോടെ രണ്ട് റോഡുകളും അടക്കേണ്ടിവരുമെന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്.

അടിപ്പാത അനുവദിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും-പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ, ആക്ഷൻ കമ്മിറ്റി കൺവീനർ എം സി ബാലകൃഷ്ണൻ, എൻ പി എഴിൽ രാജ് ഒ കെ മൊയ്തീൻ എന്നിവർ (വാർത്താസമ്മേളനത്തിൽ)​

Advertisement
Advertisement