വയസ് ഒന്നര,​ ലോകറെക്കാഡ് മൂന്ന്

Friday 16 February 2024 12:33 AM IST

മുഹമ്മ: ലോകമെന്തെന്ന് അറിയാത്ത പ്രായത്തിൽ ലോകറെക്കാഡുകൾ വാരിക്കൂട്ടി അത്ഭുതമാകുകയാണ് ശ്രീകാർത്തി എന്ന ഒന്നരവയസുകാരൻ. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മുതൽ ജവഹർലാൽ നെഹ്റു, സരോജിനി നായിഡു, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ തുടങ്ങി ഇരുപതോളം നേതാക്കളുടെ പേരുകൾ കേട്ടാലുടൻ അവരുടെ ഫോട്ടോകൾ ശ്രീകാർത്തി തൊട്ടുകാണിക്കും. കൂടാതെ പഴങ്ങൾ,​ പച്ചക്കറികൾ,​ പൂക്കൾ, നിറങ്ങൾ എന്നിവയും ഇതുപോലെ തിരിച്ചറിയും. ഇംഗ്ലീഷ് നഴ്സറി ഗാനം പാടും, ഒന്നുമുതൽ പത്തുവരെ ഇംഗ്ലീഷിലും മലയാളത്തിലും എണ്ണും, ബ്രഷ് എടുത്ത് കൊടുത്താൽ പടം വരക്കും, റിംഗ് ടോയ് കൃത്യമായി ക്രമീകരിക്കും. ഈ കഴിവുകൾ കണ്ടറിഞ്ഞ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ്, എ.പി.ജെ അബ്ദുൾ കലാം വേൾഡ് റെക്കാഡ്സ്,​ എലൈറ്റ് ബുക്ക് ഒഫ് റെക്കാഡ്സ് എന്നിവ ഈ കുരുന്ന് പ്രതിഭയെ തേടിയെത്തി.

മണ്ണഞ്ചേരി പഞ്ചായത്ത് കലവൂർ ഐ.ടി.സി കിഴക്കേ ഗുരുമന്ദിരത്തിന് സമീപം പാതിരപ്പള്ളിവെളി ഓട്ടോറിക്ഷ ഡ്രൈവറായ ഷിജുവിന്റെയും സൂര്യശ്രീയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ. അമ്മയാണ് കഴിവുകൾ കണ്ടെത്തി വളരെ കുഞ്ഞിലേ തന്നെ പരിശീലിപ്പിച്ചത്.

മകന്റെ കഴിവുകൾ വീഡിയോയിലാക്കി അധികൃതർക്ക് അയച്ചുകൊടുത്തതും അമ്മ തന്നെ. ഇപ്പോൾ ഒന്നരവയസ് പിന്നിട്ട ശ്രീകാർത്തി,​ മലയാളം നന്നായി സംസാരിക്കും. ലോക അംഗീകാരം ലഭിച്ചതറിഞ്ഞ് ഗുരുമന്ദിരങ്ങൾ,​ സ്വയം സഹായ സംഘങ്ങൾ ഉൾപ്പെടെയുള്ളവർ അനുമോദനങ്ങളും പാരിതോഷികങ്ങളും കൊണ്ട് കൊച്ചുമിടുക്കനെ പൊതിയുകയാണ്.

Advertisement
Advertisement