കർഷക സംഘടനകളുമായി  കേന്ദ്രമന്ത്രിമാർ  നടത്തിയ മൂന്നാം ചർച്ചയും പരാജയം; ഞായറാഴ്ച  വൈകിട്ട് വീണ്ടും ചർച്ച

Friday 16 February 2024 7:35 AM IST

ന്യൂഡൽഹി: കർഷക സംഘടനകളുമായി കേന്ദ്രമന്ത്രിമാർ നടത്തിയ മൂന്നാം ചർച്ചയും പരാജയം. അഞ്ച് മണിക്കൂറോളം നീണ്ട ചർച്ച ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട അറിയിച്ചു.

അർജുൻ മുണ്ടയെക്കൂടാതെ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരും ഹരിയാന - പഞ്ചാബ് അതിർത്തിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഇവർക്കൊപ്പമുണ്ടായിരുന്നു.

ഓരോ വിഷയത്തെക്കുറിച്ചും വിശദമായി ചർച്ച ചെയ്‌തെന്നും ചില കാര്യങ്ങളിൽ സമവായത്തിലെത്തിയെന്നും ഭഗവന്ത് മാനും അറിയിച്ചു. ഫെബ്രുവരി എട്ട്,​ പന്ത്രണ്ട് തീയതികളിലും കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരും തമ്മിൽ ചർച്ച നടത്തിയിരുന്നു.

അതേസമയം,​ ഡൽഹി അതിർത്തിയിൽ സുരക്ഷാ ശക്തമാക്കി. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് 30,000 ടിയർഗ്യാസ് ഷെല്ലിന് ഓർഡർ നൽകിയിട്ടുണ്ട്. ഒരു കാരണവശാലും കർഷകരെ ഡൽഹിയിൽ പ്രവേശിപ്പിക്കരുതെന്നാണ് അധികൃതരുടെ തീരുമാനം.

ഇന്നലെയും ഹരിയാന - പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിൽ പൊലീസും കർഷകരുമായി സംഘർഷമുണ്ടായി. കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ സായുധരാണെന്നും ദേശീയപാതയിലെ ഗതാഗതം തടസപ്പെടുത്താനാണ് സമരക്കാരുടെ ഉദ്ദേശ്യമെന്നും ഹരിയാന സർക്കാർ ഹരിയാന - പഞ്ചാബ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.