'അർജുനെ ഓർത്ത് അഭിമാനം, മമ്മൂക്കയെ സമ്മതിക്കണം'; ഭ്രമയുഗത്തെക്കുറിച്ച് ഹരിശ്രീ അശോകൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തുന്നുണ്ട്. ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ നായകനായ ചിത്രത്തിൽ പ്രതിനായകനായാണ് മമ്മൂട്ടിയെത്തിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഹരിശ്രീ അശോകന്റെ ആദ്യ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്.
അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഭ്രമയുഗത്തിലേതെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്. മകന്റെ അഭിനയം കണ്ട് അത്ഭുതം തോന്നിയെന്നും ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ മനസിനെ സമ്മതിക്കണമെന്നും അദ്ദേഹം സിനിമ കണ്ട ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഇത് തിർച്ചയായിട്ടും മകന്റെ കരിയർ ബ്രേക്ക് തന്നെയാണ്. മമ്മൂക്കയ്‌ക്കൊപ്പം അവന് നിൽക്കാൻ പറ്റില്ല. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മുന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാം ഗംഭീരം. അർജുനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ഗംഭീരമായിട്ട് ചെയ്തതിൽ എനിക്ക് അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായി ചെയ്തു.'- ഹരിശ്രീ അശോകൻ പറഞ്ഞു.
സംവിധാനവും തിരക്കഥയും സംഭാഷണവും പൊളിച്ചെന്നും അർടും ഗംഭീരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെ ഒരു സബ്ജക്ടിന് മമ്മൂക്ക ഓക്കെ പറഞ്ഞിട്ടാണ് ഇവരൊക്കെ ഉണ്ടാക്കിയത്. മമ്മൂക്കയെ സമ്മതിക്കണം. ഇപ്പോൾ വെറ്റെറ്റിയല്ലേ മമ്മൂട്ടി ചെയ്യുന്നത്. 'കാതൽ' പോലുള്ള സിനിമകൾ ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണം. അതാണ് യഥാർത്ഥ ആർട്ടിസ്റ്റ്. അതുകൊണ്ടാണ് ഇവർക്കും അവസരങ്ങൾ കിട്ടുന്നതെന്നും ഹരിശ്രീ അശോകൻ വ്യക്തമാക്കി.
ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമയിലെ തന്നെ നിരവധി താരങ്ങൾ ചിത്രത്തിനെക്കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ തുടർച്ചയായ വിജയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഭ്രമയുഗവും ഇടംപിടിക്കുമെന്നതിൽ സംശമില്ല.