എഴുതിയാൽ മതി,​ വീഡിയോ സോറ തരും

Saturday 17 February 2024 7:15 AM IST

ന്യൂയോർക്ക്: ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയ്ക്ക് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് തരംഗം സൃഷ്ടിക്കുന്ന ടെക്സ്റ്റ് ടു വീഡിയോ മോഡൽ അവതരിപ്പിച്ച് ഓപ്പൺ എ.ഐ. ടെക്സ്റ്റ് രൂപത്തിലെ നിർദ്ദേശങ്ങളിൽ നിന്ന് പരമാവധി ഒരു മിനി​റ്റ് ദൈർഘ്യമുള്ള യഥാർത്ഥമെന്ന് തോന്നിക്കുന്ന വീഡിയോകൾ നിർമ്മിക്കാൻ കഴിയുന്ന സോറ ( Sora ) എന്ന വീഡിയോ ജനറേ​റ്റിംഗ് മോഡലാണ് കമ്പനി എത്തിച്ചിരിക്കുന്നത്. ഒന്നിലധികം ഷോട്ടുകളും കഥാപാത്രങ്ങളും ഉയർന്ന ക്വാളിറ്റിയിൽ നിർമ്മിക്കാൻ സോറയ്ക്ക് കഴിയും. സോറയിലൂടെ നിർമ്മിച്ച സാമ്പിൾ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. നിലവിൽ പരിശോധനാ ഘട്ടത്തിലുള്ള സോറയെ തിരഞ്ഞെടുത്ത ചില ഡിസൈനർമാർക്കും വിഷ്വൽ ആർട്ടിസ്​റ്റുകൾക്കും മറ്റും ലഭ്യമാക്കും. ഇവരിൽ നിന്നുള്ള നിർദ്ദേശങ്ങളും കമ്പനി പരിഗണിക്കും. പരിശോധനാ ഘട്ടങ്ങൾക്ക് ശേഷം ഏവർക്കും ലഭ്യമാക്കുമെന്നാണ് വിവരം.

സോറയെ ദോഷകരമായി ഉപയോഗിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു. ദൃശ്യ മാദ്ധ്യമങ്ങളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് സോറയിലൂടെ ഓപ്പൺ എ.ഐ ലക്ഷ്യമിടുന്നത്. ഒറിജിനലിനെ വെല്ലുന്ന എ.ഐ വീഡിയോകൾ വ്യാപകമാകുന്നതിനിടെയാണ് സൈബർ ലോകത്ത് വിപ്ലവകരമായ മറ്റൊരു മാറ്റത്തിന് ഓപ്പൺ എ.ഐ ഒരുങ്ങുന്നത്.

Advertisement
Advertisement