ചുഴലിക്കാറ്റുകളെ പിടിക്കാൻ; കാലാവസ്ഥാ  നിരീക്ഷണ  ഉപഗ്രഹം  ഇൻസാറ്റ്  - 3ഡിഎസ്  വിക്ഷേപിച്ചു

Saturday 17 February 2024 7:12 PM IST

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് - 3ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. മ്യാൻമാർ മുതൽ ഗൾഫ് രാജ്യങ്ങളിൽ വരെ വൻനാശം വിതയ്ക്കുന്ന ചുഴലിക്കാറ്റുകളെ കൃത്യതയോടെ മുൻകൂട്ടി കണ്ടെത്താനും നിരീക്ഷിക്കാനും പ്രവചിക്കാനും സഹായിക്കുന്നതാണ് മൂന്നാം തലമുറ കാലാവസ്ഥാ ഉപഗ്രഹമാണ് ഇൻസാറ്റ് 3ഡിഎസ്.

27.5 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ പൂർത്തിയാക്കി വെെകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ജി 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചുയർന്നത്. ദൗത്യം വിജയകരമാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. ഇൻസാറ്റ് - 3ഡി (2014), ഇൻസാറ്റ് 3 ഡിആർ (2016) എന്നീ ഉപഗ്രഹങ്ങളുടെ പിൻഗാമിയാണ് ഇൻസാറ്റ് - 3ഡിഎസ്. എർത്ത് സയൻസസ് മന്ത്രാലയമാണ് ഇതിന്റെ പൂർണമായ ചെലവും വഹിച്ചിരിക്കുന്നത്.

ജിഎസ്എൽവിയുടെ 16-ാമത്തെ വിക്ഷേപണമാണിത്. 2,274കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിർമ്മാണ, വിക്ഷേപണ ചെലവ് 480 കോടിയാണ്. ഇന്ത്യയ്ക്ക് പുറമെ മ്യാൻമാർ, ശ്രീലങ്ക, ബംഗ്ളാദേശ്, പാകിസ്ഥാൻ, മാലദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവയ്ക്കും ഉപഗ്രഹത്തിന്റെ പ്രയോജനം കിട്ടും. ആഫ്രിക്ക മുതൽ ചെെനീസ് അതിർത്തി വരെയുള്ള കപ്പൽ യാത്രകൾക്കും ഗുണം ചെയ്യും.

2003 മുതൽ ഇന്ത്യ ഇൻസാറ്റ് കാലാവസ്ഥാ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തുടങ്ങിയതോടെയാണ് ചുഴലിക്കാറ്റുകളുണ്ടാക്കുന്ന വിനാശങ്ങളുടെ വ്യാപ്തി കുറയ്ക്കാനായത്. അതിനുശേഷം ആൾനാശം നൂറിൽ താഴെയായി. ഇതുവരെ ഏഴു ഇൻസാറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇതിൽ കൂടുതൽ കരുത്തേറിയതും അത്യാധുനികവുമാണ് ഇൻസാറ്റ് 3ഡിഎസ്.

ചുഴലിയെ കണ്ടെത്തും

ചുഴലിക്കാറ്റുകൾ ഉരുത്തിരിയുന്ന സമയത്ത് തന്നെ കണ്ടെത്താൻ കഴിയുമെന്നതാണ് ഇൻസാറ്റ് 3 ഡിഎസിന്റെ പ്രത്യേകത. അന്താരാഷ്ട്ര നിലവാരത്തിലുള്ള കൃത്യത ഇതിനുണ്ടാകുമെന്നാണ് ഐ.എസ്.ആർ.ഒ പറയുന്നത്. ഭൂമിയിലും കടലിലും നിന്ന് മേഘങ്ങളിലേക്ക് ഉയർന്നുപൊങ്ങുന്ന ഊർജ്ജകിരണങ്ങളെ കൃത്യമായി അളക്കാനും വിലയിരുത്താനും ഇതിനാകും. ഇമേജർ, സൗണ്ടർ, ഡാറ്റാ റിലേ ട്രാൻസ്പോണ്ടർ, സേർച്ച്, റെസ്ക്യു ട്രാൻസ്പോണ്ടർ തുടങ്ങി ചുഴലിക്കാറ്റുകളെ കണ്ടെത്താനും അതുണ്ടാക്കുന്ന വിനാശം കുറയ്ക്കാനും സഹായിക്കുന്ന നാലു ഉപകരണങ്ങളാണ് ഇൻസാറ്റ് 3 ഡിഎസിലുള്ളത്.

മൾട്ടി സ്പെക്ടറൽ ഇമേജർ ഉപയോഗിച്ച് ആറ് തരത്തിലുള്ള വ്യത്യസ്ത തരംഗ ദൈർഘ്യമുള്ള ഊർജ്ജകിരണങ്ങളെ കണ്ടെത്താനാകും. നീരാവിയുടെ വ്യത്യസ്ത പടലങ്ങളെ നിറത്തിലെ നേരിയ വ്യത്യാസത്തിലൂടെ തന്നെ ഇത് കണ്ടെത്തും. കടലിന് മുകളിലെ ശബ്ദവ്യതിയാനങ്ങളിലൂടെ ചുഴലിക്കാറ്റിന്റെ സാന്നിധ്യം കണ്ടെത്താനും ഇൻസാറ്റ് 3 ഡിഎസിലെ സൗണ്ടർ ഉപകരണത്തിനാകും.