'രാഹുൽ ജോഡോ യാത്രയിൽ, പാർട്ടി നിയന്ത്രിക്കുന്നത് വേണുഗോപാലടക്കമുള്ളവർ; കമൽനാഥ് കോൺഗ്രസിൽ സന്തോഷവാനല്ല'

Sunday 18 February 2024 11:00 AM IST

ന്യൂഡൽഹി: പിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും രാജ്യസഭയിലേയ്ക്ക് പരിഗണിക്കാതിരിക്കുകയും ചെയ്‌ത നിരാശയിൽ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ഡൽഹിയിൽ. മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രിയായ കമൽനാഥ് ഇന്നലെയാണ് ഡൽഹിയിലെത്തിയത്. ബിജെപിയുടെ രണ്ടുദിവസത്തെ ദേശീയ കൗൺസിൽ നടക്കുന്നതിനിടെയാണ് കമൽനാഥിന്റെ ഡൽഹി സന്ദർശനം. രാജ്യത്തെ എല്ലാ മുതിർന്ന ബിജെപി നേതാക്കളും ദേശീയ കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്.

കോൺഗ്രസിൽ കമൽനാഥ് സന്തോഷവാനല്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. 'ലോക്‌സഭയിൽ കമൽനാഥ് ഒൻപത് തവണ ജയിച്ച മണ്ഡലമാണ് ചിന്ദ്‌വാര. അവിടത്തെ ജനങ്ങൾ കമൽനാഥ് ബിജെപിയിൽ എത്താൻ ആഗ്രഹിക്കുന്നു. ഇക്കാര്യം പരിഗണനയിലുണ്ട്. കമൽനാഥ് കോൺഗ്രസിൽ നിന്ന് രാജിവച്ചിട്ടില്ല. എന്നാൽ അഞ്ച് പതിറ്റാണ്ടുകൾ മുൻപ് അദ്ദേഹം ചേർന്ന കോൺഗ്രസ് പാർട്ടിയല്ല ഇപ്പോഴുള്ളത്. പാർട്ടി ഹൈക്കമാൻഡിനോട് തന്റെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്'

'രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി തിരക്കിലാണ്. മുതിർന്ന നേതാക്കളായ ജയ്‌റാം രമേശ്, കെ സി വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരുടെ ഇഷ്ടത്തിനാണിപ്പോൾ പാർട്ടി മുന്നോട്ടുപോകുന്നത്. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യാത്തതിന്റെ പേരിലാണ് അതൃപ്‌തനെന്നത് തെറ്റായ വാദമാണ്' -അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

അതേസമയം, കമൽനാഥ് പാർട്ടി വിടുമെന്നുള്ള അഭ്യൂഹങ്ങൾ കോൺഗ്രസ് തള്ളി. 1979ൽ അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തിയ വേളയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമൽനാഥിനെ തന്റെ മൂന്നാമത്തെ മകനായാണ് വിശേഷിപ്പിച്ചതെന്ന് കോൺഗ്രസ് പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ മൂന്നാമത്തെ മകന് കോൺഗ്രസ് വിടാനാവുമെന്ന് സ്വപ്‌നത്തിലെങ്കിലും ചിന്തിക്കാനാവുമോ? അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ കഠിനാധ്വാനം ചെയ്ത പാർട്ടി പ്രവർത്തകരെ വിട്ടുപോകാനാവുമോയെന്നും മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിത്തു പത്‌വാരി ചോദിച്ചു.